കുവൈത്ത് സിറ്റി: ഉംറ വിസയില്‍ പോകുന്ന കുവൈത്തില്‍നിന്നുള്ളവര്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കി. പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തിനൊപ്പം ബ്രിട്ടന്‍, തുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്.
സ്മാര്‍ട്ട് ഫോണുകളില്‍ ‘സൗദി വിസ ബയോ’ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് വിരലടയാളം രജിസ്റ്റര്‍ ചെയ്യേണ്ടത്. ആപ്ലിക്കേഷനില്‍ പ്രവേശിച്ചശേഷം വിസയുടെ തരം നിര്‍ണയിക്കുക, പാസ്പോര്‍ട്ട് ഇന്‍സ്റ്റന്റ് റീഡ് ചെയ്യുക, ഫോണ്‍ കാമറയില്‍ മുഖത്തിന്റെ ഫോട്ടോയെടുത്ത് അപ് ലോഡ് ചെയ്യുക, 10 വിരലുകളുടെയും അടയാളം ഫോണ്‍ കാമറ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക എന്നിവയാണ് രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍.
വിരലടയാളം നേരത്തേ രജിസ്റ്റര്‍ ചെയ്യുന്നതോടെ സൗദി പ്രവേശന കവാടങ്ങളിലെത്തുമ്ബോള്‍ യാത്രാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തിരക്കൊഴിവാക്കാനും സാധിക്കുമെന്നത് ഇതിന്റെ നേട്ടമാണ്. പല രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം നേരത്തേ ഏര്‍പ്പെടുത്തി വിജയകരമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉംറ തീര്‍ഥാടകര്‍ക്കും ഇത് ഏര്‍പ്പെടുത്തുന്നത്.