
മസ്‍കത്ത്: ഒമാനില്‍ ആളുകളെ തട്ടിക്കൊണ്ടു പോകുന്ന ചില സംഘങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ഒരു സംഭവവും രാജ്യത്തെ ഒരു ഗവര്‍ണറേറ്റിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ആളുകളെ പ്രലോഭിപ്പിച്ച് ഒപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് അവരെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ചില സംഘങ്ങളുണ്ടെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടന്നത്. വാട്സ്‌ആപിലൂടെ അടക്കം ലഭിച്ച ഈ വ്യാജ വാര്‍ത്ത നിരവധിപ്പേര്‍ സത്യമറിയാതെ പ്രചരിപ്പിക്കുകയും ചെയ്‍തു. എന്നാല്‍ ഇത്തരമൊരു സംഭവം പൂര്‍ണമായി നിഷേധിക്കുകയാണ് റോയല്‍ ഒമാന്‍ പൊലീസ്. ഒരു പരാതി പോലും രാജ്യത്ത് എവിടെയും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
