
യുകെയില്‍ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്ത കോട്ടയം ബ്രഹ്‌മമംഗലം സ്വദേശിനി അഞ്ജന പണിക്കര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു. തന്റെ പിതാവിന്റെ അനിയന്റെ മകനും മകളും യുകെയിലുണ്ടെന്നും അവരുടെ പരിചയക്കാര്‍ അഞ്ജന വഴിയാണ് യുകെയില്‍ എത്തിയതെന്ന് അറിഞ്ഞിരുന്നുവെന്നും ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്‌സൈറ്റിനോട് ഡിനിയ പറഞ്ഞു. ”അഞ്ജനയുടെ ഫോണ്‍ നമ്പര്‍ അവരില്‍ നിന്നാണ് ലഭിച്ചത്. ഞങ്ങള്‍ ഫോണിലൂടെയാണ് പരിചയപ്പെട്ടതും സംസാരിച്ചതും. പപ്പയുടെ പെങ്ങളാണ് കോട്ടയത്ത് ബ്രഹ്‌മപുരത്തെ വീട്ടില്‍ പോയി അഞ്ജനയെ കാണുന്നത്. അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി പേരാണ് യുകെയില്‍ അവര്‍ വഴി പോയതെന്ന് ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചു. നാലു മാസത്തിനകം വീസ ശരിയാകുമെന്നാണ് പറഞ്ഞത്. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും വീസ കിട്ടിയില്ല. തുടര്‍ന്നാണ് ഏജന്റിനെ ഫോണില്‍ വിളിച്ചത്. ആദ്യമൊക്കെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കില്ലായിരുന്നു.പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി” -ഡിനിയ പറഞ്ഞു.
സംഭവത്തില്‍ കാസര്‍കോട് രാജപുരം പൊലീസും കേസെടുത്തു. ഡിനിയ ബാബു, ഡിനിയയുടെ ബന്ധുക്കളായ ശ്രീകണ്ഠാപുരം സ്വദേശി അഖില്‍ എബ്രഹാം, കള്ളാര്‍ സ്വദേശി സാന്റാ ജോസ് എന്നിവരാണ് പുതിയ പരാതിക്കാര്‍. യുകെയില്‍ കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരില്‍നിന്നു 18.60 ലക്ഷം രൂപ തട്ടിയെടുത്തത്. ഡിനിയയില്‍നിന്നും 6.40 ലക്ഷവും മറ്റു രണ്ട് പേരില്‍നിന്നും 6.10 ലക്ഷവും അഞ്ജന കൈക്കലാക്കി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29നാണ് ഡിനിയയും ബന്ധുക്കളും ഏജന്റിന്റെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഡിനിയയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തായത്. ഇതിനിടെ കാസര്‍കോട്ടുനിന്ന് അഞ്ജനയെ അന്വേഷിച്ച് ബ്രഹ്‌മപുരത്തെ വീട്ടില്‍ ഡിനിയയും ബന്ധുക്കളും എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. അഞ്ജന നാടുവിട്ടുപോയെന്ന് അയല്‍ക്കാര്‍ പറഞ്ഞാണ് അറിഞ്ഞത്. വീസ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച ചിലര്‍ വീട്ടില്‍ എത്തി വാഹനങ്ങള്‍ എടുത്തുകൊണ്ടു പോയെന്നും അയല്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഡിനിയയും ബന്ധുക്കളും രാജപുരം പൊലീസില്‍ പരാതി നല്‍കുന്നത്. കോട്ടയം തലയോലപ്പറമ്പ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അഞ്ജനയുടെ പേരില്‍ പതിനഞ്ചോളം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. ഇവര്‍ ഗര്‍ഭിണി ആയിരുന്നുവെന്നും ഇപ്പോള്‍ പ്രസവം കഴിഞ്ഞെന്നാണ് പൊലീസ് പറഞ്ഞതെന്നുമാണ് ഡിനിയ പറയുന്നത്. എന്നാല്‍ അഞ്ജനയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.