യുകെയില്‍ മലയാളി നഴ്‌സുമാര്‍ക്ക് നല്ലകാലം കഴിഞ്ഞെന്നു പരക്കെ പ്രചാരണം. അതല്ല, ജോലി സാഹചര്യങ്ങളും വരുമാനവും ചെലവും നോക്കുമ്പോള്‍ ഇതിലും മെച്ചം യൂറോപ്പിലെ തന്നെ മറ്റു രാജ്യങ്ങളാണെന്നും ഇപ്പോള്‍ യുകെയില്‍ എത്തിയ നഴ്‌സുമാര്‍ അനുഭവം പങ്കുവയ്ക്കുന്നു. അതെന്തായാലും എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുന്ന നഴ്സുമാരുടെ എണ്ണം കൂടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്സുമാര്‍ എന്‍എഛ്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്സുമാരില്‍ പത്തില്‍ ആറു പേരും കടക്കെണിയിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് മേഖലകളെ വച്ചു നോക്കുമ്പോള്‍ നഴ്സുമാര്‍ കുറച്ചുകൂടി വേതനം അര്‍ഹിക്കുന്നുവെന്നതാണ് വസ്തുത.
ഇപ്പോഴിതാ യുകെയില്‍ നിന്ന് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതനവും തേടി ആയിരക്കണക്കിന് പേരാണ് ഓസ്ട്രേലിയ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് വിടുന്നത്. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്‍എച്ച്എസില്‍ ജോലിയ്ക്ക് കയറിയ ശേഷം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്.
2021-22 നും 2022-23നും ഇടയില്‍ വിദേശ ജോലിക്കായി പോയ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത നഴ്സുമാരുടെ എണ്ണം 12400 ആയി ഉയര്‍ന്നിട്ടുണ്ട്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തെ അപേക്ഷിച്ച് നാലിരട്ടി.
എന്‍എച്ച്എസില്‍ ജോലി ഉപേക്ഷിക്കുന്നവരില്‍ പത്തില്‍ ഏഴു പേര്‍ ഇന്ത്യയിലോ ഫിലിപ്പീന്‍സിലോ യോഗ്യത നേടിയവരാണ്. മൂന്നു വര്‍ഷം വരെ ജോലി ചെയ്ത ശേഷമാണ് പലരും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. യുഎസിലേക്കോ ന്യൂസിലന്‍ഡിലേക്കോ ഓസ്ട്രേലിയയിലേക്കോ ഒക്കെയാണ് കൂടുതലും പേര്‍ ജോലി തേടി പോുന്നത്.