
ലണ്ടന്‍: ഋഷി സുനകിന് പകരം മറ്റൊരു നേതാവെന്ന ആലോചന നടക്കവേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് അഭിപ്രായം ഉയര്‍ന്നത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്തേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സര്‍വ്വേ ഫലം പുറത്തുവരുന്നത്. പെന്നി മോര്‍ഡന്റിന് മാത്രമാണ് ഋഷിയേക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ ജനപ്രീതിയുള്ളൂ എന്നും സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ ഋഷി സുനക് 29 പോയിന്റുകള്‍ നേടിയപ്പോള്‍ മോര്‍ഡന്റ് 30 പോയിന്റുകള്‍ നേടി. അതേസമയം, ഋഷിയുടെ പിന്‍ഗാമിയുണ്ടാകും എന്ന് കരുതുന്ന നിലവിലെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍, ബിസിനസ്സ് സെക്രട്ടറി കെമി ബേഡ്നോക്ക് എന്നിവര്‍ ജനപ്രീതിയുടെ കാര്യത്തില്‍ ഋഷി സുനകിന്റെ ഏറെ പുറകിലാണ്. അതേസമയം പാര്‍ട്ടി എന്ന നിലയില്‍ ലേബര്‍ പാര്‍ട്ടി ടോറികളേക്കാള്‍ മുന്‍പിലാണ്. ഋഷി സുനക് നയിക്കുന്ന ടോറി സര്‍ക്കാരാണോ കിയര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരാണോ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ലേബര്‍ പാര്‍ട്ടിക്ക് ടോറികളേക്കാള്‍ 18 പോയിന്റ് കൂടുതല്‍ ലഭിച്ചു.
ബ്രേവര്‍മാനോ ബേഡ്നോക്കോ നേതാവായാല്‍ ലേബര്‍ പാര്‍ട്ടി 24 പോയിന്റുകള്‍ക്കായിരുന്നു മുന്നിലായത്. ജെയിംസ് ക്ലെവര്‍ലി ആകുമ്പോള്‍ 21 പോയിന്റുകള്‍ക്കും. അതുപോലെ, വോട്ട് ആര്‍ക്ക് എന്ന ചോദ്യത്തിന് ലേബര്‍ പാര്‍ട്ടി എന്നായിരുന്നു 41 ശതമാനം പേര്‍ മറുപടി പറഞ്ഞത്. 25 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒപ്പം നിന്നപ്പോള്‍ റീഫോം പാര്‍ട്ടിക്ക് 11 ശതമനവും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 10 ശതമാനവും ഗ്രീന്‍സിന് എട്ടു ശതമാനവും ലഭിച്ചു.ഋഷു സുനക് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഭരണം ഏറ്റെടുത്തത്. അതിനാല്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ അധികമൊന്നും നല്‍കാന്‍ ആയില്ല. എങ്കിലും രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണ്.