യു.കെ: വായ്പാ തട്ടിപ്പ് നടത്തി യുകെയിലേക്ക് കടന്ന നീരവ് മോദിയുടെ ലണ്ടനിലെ ആഡംബര വീട് വിറ്റഴിക്കാന്‍ ഇഡിക്ക് കോടതിയുടെ അനുമതി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ലണ്ടനിലെ ആഡംബര വീട് വിറ്റഴിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കോടതിയുടെ അനുമതി. 5.25 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടില്‍ (ഏകദേശം 5,500 കോടി രൂപ) കുറയാത്ത വിലയ്ക്ക് വില്‍ക്കണമെന്നാണ് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി മാസ്റ്റര്‍ ജെയിംസ് ബ്രൈറ്റ്വെല്ലിന്റെ ഉത്തരവ്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി (ഫുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍) ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 52കാരന്‍ നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍ ജയിലിലാണുള്ളത്. മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തേ ബ്രിട്ടന്റെ ആഭ്യന്തരകാര്യ സെക്രട്ടറി പ്രീതി പട്ടേല്‍ ഉത്തരവിട്ടിരുന്നെങ്കിലും ഇത് സംബന്ധിച്ച നടപടികള്‍ കോടതിയുടെ പരിഗണനയിലാണ്. മധ്യ ലണ്ടനിലെ മേരില്‍ബോണ്‍ മേഖലയിലുള്ള 103 മാരത്തണ്‍ ഹൗസ് വിറ്റഴിക്കാനാണ് ഇ.ഡിക്ക് കോടതിയുടെ അനുമതി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മോദി നടത്തിയ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമാണ് വീടിന്റെ വില്‍പനയെന്ന ഇ.ഡി വാദം കോടതി അംഗീകരിച്ചു. ഈ കേസിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് മോദിയെ തിരിച്ചയക്കാനുള്ള നടപടികളും പുരോഗമിക്കുന്നത്. വായ്പാത്തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്.

നീരവ് മോദിയുടെ തട്ടിപ്പ് ജീവനക്കാരുടെ ഒത്താശയോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ഫോര്‍ട്ടിലെ ബ്രാഡി ഹൗസ് ശാഖയില്‍ നിന്ന് 2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 13,000 കോടി രൂപ) വായ്പാത്തട്ടിപ്പാണ് നീരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്സിയും ചേര്‍ന്ന് നടത്തിയത്. ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു അത്. ചോക്സിയും വിദേശത്തേക്ക് കടന്നിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി, അഴിമതി, പണംതിരിമറി, തട്ടിപ്പ്, കരാര്‍ ലംഘനം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്തുള്ള അന്വേഷണമാണ് ഇരുവര്‍ക്കെതിരെയും ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തുന്നത്. 2011 കാലഘട്ടത്തില്‍ തന്നെ തട്ടിപ്പ് നടന്നിരുന്നെങ്കിലും 2018ലായിരുന്നു ഇത് കണ്ടെത്തിയത്. തുടര്‍ന്ന് ആ വര്‍ഷം ബാങ്ക് സി.ബി.ഐയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സി.ബി.ഐയും ഇ.ഡിയും അന്വേഷണം തുടങ്ങി. ഇതിനിടെ മോദി വിദേശത്തേക്ക് മുങ്ങി. 2018 ജൂണില്‍ മോദി ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടി. 2019 മാര്‍ച്ചില്‍ ലണ്ടന്‍ അന്വേഷണ ഏജന്‍സികള്‍ നീരവ് മോദിയെ അറസ്റ്റ് ചെയ്തു. ആ വര്‍ഷം തന്നെ മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലെ 50 കോടിയോളം വരുന്ന തുക മരവിപ്പിക്കുകയും ചെയ്തു. 2021 ഫെബ്രുവരിയില്‍ മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ഒപ്പുവച്ചു. എന്നാല്‍, ഇന്ത്യയില്‍ തനിക്ക് നീതിപൂര്‍വമായ വിചാരണയ്ക്ക് അവസരം കിട്ടില്ലെന്നും തിരിച്ചയക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മോദി വീണ്ടും കോടതിയെ സമീപിച്ചു. ഇതിന്മേല്‍ കോടതി ഇനിയും തീരുമാനമെടുത്തിട്ടില്ല. നിലവില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ വാന്‍സ്വര്‍ത്ത് ജയിലിലാണ് മോദിയുള്ളത്.

Next Post

"തെയ്യം"

Fri Apr 5 , 2024
Share on Facebook Tweet it Pin it Email 1989ൽ MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളൽക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെൽക്കൃഷിയുടേയും കഥകൾ നാടകമാക്കിയിട്ടുള്ള ദൃശ്യകല ഇക്കുറി തെയ്യം കഥകൾ നാടകവിഷയമാക്കുന്നു. ഉത്തരകേരളത്തിൽ പ്രചുരപ്രചാരം സിദ്ധിച്ച അനുഷ്ഠാന കലയാണ് തെയ്യം. നമ്മുടെ തനത് പ്രാക്തനസംസ്കാരത്തിന്റെ ഈടുവയ്പുകളായി നിറഞ്ഞാടുന്ന തെയ്യക്കോലങ്ങൾക്ക് പാടാനും, […]

You May Like

Breaking News

error: Content is protected !!