യു.കെ: സ്‌കൂളില്‍ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ സാധിക്കില്ല, ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി യുകെ കോടതി തള്ളി

ലണ്ടന്‍ : സ്‌കൂളിലെ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്‌കൂളിനെതിരായി നല്‍കിയ ഹര്‍ജി യുകെ കോടതി തള്ളി. മികച്ച അച്ചടക്ക രീതികള്‍ കൊണ്ട് ലണ്ടനില്‍ തന്നെ ഏറ്റവും പ്രശസ്തമായ നോര്‍ത്ത്-വെസ്റ്റ് ലണ്ടനിലെ ബ്രെന്റിലുള്ള മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിനെതിരായ ഹര്‍ജിയാണ് ലണ്ടനിലെ ഹൈക്കോടതി തള്ളിയത്. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി സ്‌കൂളില്‍ പൊതു പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ മതപരമായ വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നത് വിലക്കിയിട്ടുള്ളതായി സ്‌കൂളില്‍ ചേരുമ്പോള്‍ തന്നെ ഒപ്പിട്ട് നല്‍കുന്ന നിയമാവലിയില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതാണ്. വിദ്യാഭ്യാസ രീതികള്‍ കൊണ്ടും അച്ചടക്കം കൊണ്ടും ഏറെ പ്രശസ്തമായ ഈ സ്‌കൂളിലെ 700ഓളം വിദ്യാര്‍ത്ഥികളില്‍ പകുതിയും ഇസ്ലാം മത വിശ്വാസികള്‍ ആണ്. വസ്ത്രധാരണത്തില്‍ അടക്കം മതപരമായ പ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന സ്‌കൂള്‍ നിയമങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോ വിദ്യാര്‍ത്ഥികളും ഈ സ്‌കൂളില്‍ ചേരുന്നത്. എന്നാല്‍ 2023 മാര്‍ച്ചില്‍ പെട്ടെന്ന് ഒരു ദിവസം സ്‌കൂളിലെ 30 മുസ്ലീം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് നിസ്‌കരിക്കാന്‍ ആരംഭിക്കുകയായിരുന്നു.

സ്‌കൂള്‍ സ്ഥാപകയും പ്രധാന അദ്ധ്യാപികയുമായ കാതറിന്‍ ബീര്‍ബല്‍സിംഗ് ഈ വിദ്യാര്‍ഥികളുടെ പൊതു പ്രാര്‍ത്ഥന വിലക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന്റെ പേരില്‍ ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി സ്‌കൂളില്‍ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നത്. ഇരുകക്ഷികളുടെയും വാദം കേട്ട ജസ്റ്റിസ് ലിന്‍ഡന്‍ 83 പേജ് ഉള്ള ഒരു വിധി ന്യായമാണ് ഈ കേസില്‍ തയ്യാറാക്കിയിരുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് മതസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നുള്ള സ്‌കൂള്‍ നിയമാവലി വായിച്ച് അംഗീകരിച്ചതിനുശേഷം ആണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ളത് എന്ന് ജസ്റ്റിസ് ലിന്‍ഡന്‍ ചൂണ്ടിക്കാണിച്ചു. ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രം ഇളവുകള്‍ നല്‍കാന്‍ ആവില്ല. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഒരുപോലെയാണ് കണക്കാക്കപ്പെടുന്നത്. ഒരു സ്വതന്ത്ര വിദ്യാലയത്തില്‍ ഇത്തരത്തിലുള്ള മതസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നത് മത വിഭാഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിലേക്കും വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള മതസ്പര്‍ദ്ധയിലേക്കും വഴി വയ്ക്കുമെന്ന് ജസ്റ്റിസ് ലിന്‍ഡന്‍ വ്യക്തമാക്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. കോടതിവിധി യുകെയിലെ എല്ലാ സ്‌കൂളുകളുടെയും വിജയമാണെന്ന് മൈക്കെല കമ്മ്യൂണിറ്റി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക കാതറിന്‍ ബീര്‍ബല്‍സിംഗ് പ്രതികരിച്ചു.

Next Post

ഒമാന്‍: മഴ, കരകയറാന്‍ കൈകോര്‍ത്ത്

Fri Apr 19 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: തുടർച്ചയായി പെയ്ത മഴ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഒഴിഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലേക്കു പതിയെ നീങ്ങിത്തുടങ്ങി. തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലെ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ ഊർജിത ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. റോഡുകളിലേക്കുവീണ കല്ലുകളും മണ്ണുകളും മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കി പ്രധാന പാതകളെല്ലാം ഗതാഗതയോഗ്യമാക്കി വാഹനങ്ങള്‍ക്കായി […]

You May Like

Breaking News

error: Content is protected !!