ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാര്‍ലമെന്റ് സമിതി. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ‘ആനൂകൂല്യം’ ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണമെന്ന് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ലമെന്‍റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മാര്‍ച്ചിലെ ബജറ്റില്‍ ശിശുസംരക്ഷണ മേഖലയ്ക്കുള്ള പിന്തുണയില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നത് അക്ഷതാ മൂര്‍ത്തി ഉടമയയായ കമ്ബനിക്കാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സമിതിയോട് സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രിതല താത്പര്യം സുതാര്യമാണെന്നും അന്വേഷണത്തെ സ്ഥിരീകരിച്ച് സുനകിന്റെ വക്താവ് വ്യക്തമാക്കി.
അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കമ്മീഷണര്‍ക്ക് ഋഷി സുനക്കിനോട് ക്ഷമാപണം നടത്താനും ഭാവിയിലെ തടസങ്ങളൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെടാം. അല്ലെങ്കില്‍ സുനകിനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനോ പുറത്താക്കാനോ അധികാരമുള്ള ഒരു കമ്മിറ്റിക്ക് റഫര്‍ ചെയ്യുകയുമാകാം.