കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഒരുവര്‍ഷത്തേക്ക് മാത്രമായി ചുരുക്കി. നിലവില്‍ മൂന്നു വര്‍ഷമായിരുന്നു കാലാവധി. പുതിയ നിയമം വന്നതോടെ ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടിവരും. ദീര്‍ഘകാലത്തേക്ക് ലൈസന്‍സ് എടുക്കുന്നവര്‍ തൊഴില്‍ മാറിയാലും ലൈസന്‍സ് റദ്ദാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
മതിയായ രേഖകള്‍ സഹിതം ആഭ്യന്തര വകുപ്പിന്‍റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്‍റ് അറിയിച്ചു. പുതുക്കിയ ലൈസന്‍സ് ഓട്ടോമേറ്റഡ് വെന്‍ഡിങ് മെഷീനുകള്‍ വഴി പ്രിന്‍റ് ചെയ്തെടുക്കാം. ലൈസന്‍സ് അപേക്ഷയോടൊപ്പം സിവില്‍ ഐഡി കോപ്പി, നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചതിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, താമസസ്ഥലം തെളിയിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കണം.
2015വരെ രാജ്യത്ത് 10 വര്‍ഷത്തേക്കായിരുന്നു ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചിരുന്നത്. പിന്നീടത് ഒരുവര്‍ഷത്തേക്കായി ചുരുക്കുകയും കോവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നു വര്‍ഷത്തേക്കാക്കുകയുമായിരുന്നു.പ്രവാസികള്‍ക്ക് രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദീനാര്‍ ശമ്ബളവും ബിരുദവും അനിവാര്യമാണ്. ലൈസന്‍സിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകള്‍ പിന്നീട് നഷ്ടപ്പെട്ടാല്‍ ലൈസന്‍സ് സറണ്ടര്‍ ചെയ്യണം. എന്നാല്‍ പലരും ലൈസന്‍സ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി അധികൃതര്‍ ലൈസന്‍സ് റദ്ധാക്കുന്നുണ്ട്.
ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകളാണ് കഴിഞ്ഞ മാസങ്ങളില്‍ റദ്ദാക്കിയത്. രണ്ടു ലക്ഷം ലൈസന്‍സുകള്‍ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്.
ഇവയില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്‍റെ നിര്‍ദേശപ്രകാരം ഡ്രൈവിങ് ലൈസന്‍സ് നേടിയ വിദേശികളുടെ ഫയലുകളില്‍ സൂക്ഷ്മ പരിശോധന ആരംഭിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ ഇത്തരക്കാരെ നാടുകടത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കും.
അതേസമയം, പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങള്‍ തയാറാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വര്‍ധിപ്പിക്കല്‍, പ്രത്യേക തൊഴിലുകള്‍ക്ക് മാത്രം ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക എന്നിവയാണ് പുതിയ വ്യവസ്ഥയില്‍ പ്രധാനമായത്.