ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ17 കാരനായ പ്രതിയ്ക്ക് നാമമാത്രമായ ശിക്ഷ. 24 മാസം ജയില്‍ ശിക്ഷയ്ക്കു വിധിച്ചുകൊണ്ടാണ് ഉത്തരവ് വന്നിട്ടുള്ളത്. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാള്‍ഡ് നെറ്റോ. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലാണ് ജെറാള്‍ഡ് കൊല്ലപ്പെട്ടത്.
കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു. അതിനാല്‍ തന്നെ 24 മാസത്തെ ശിക്ഷക്കാലയളവില്‍ 12 മാസക്കാലം കറക്ഷണല്‍ ഹോമിലും അതിനു ശേഷമുള്ള 12 മാസക്കാലം കമ്മ്യുണിറ്റിയില്‍ സൂപ്പര്‍ വിഷനില്‍ ആയിരിക്കണം എന്നുമാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം നടന്നതില്‍, മരണമടഞ്ഞ നെറ്റോക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
ജെറാള്‍ഡ് നെറ്റോയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റോഡരികില്‍ മര്‍ദ്ദനമേറ്റ് അവശനായി കിടന്ന ജെറാള്‍ഡിനെ പോലീസിന്റെ പട്രോള്‍ സംഘമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ജെറാള്‍ഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, പ്രതിക്ക് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ വിധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെറാള്‍ഡിന്റെ മകള്‍ ജെന്നിഫര്‍ ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. വിചാരണ സമയത്ത് ജാമ്യത്തില്‍ ആയിരുന്ന പ്രതി രണ്ടു തവണ ഇലക്ട്രോണിക് ടാഗ് വ്യവസ്ഥകള്‍ ലംഘിച്ചിരുന്നു എന്നും അതിന്റെ പേരില്‍ കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു എന്നും മകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് അക്സ്ബ്രിഡ്ജ് റോഡിലെ ഡ്യുക്ക് ഓഫ് യോര്‍ക്ക് പബ്ബില്‍ നിന്നിറങ്ങിയ ജെറാള്‍ഡ് റോഡിന്റെ മറുവശത്ത് നില്‍ക്കുകയായിരുന്ന കൗമാരക്കാരനും സുഹൃത്തുക്കള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കിയതായി പോലീസ് പറയുന്നു. എന്നാല്‍, ഈ കൗമാരക്കാരന്‍, ജെറാള്‍ഡിന്റെ പാന്റ് വലിച്ചൂരി അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുമായിരുന്നു ജെറാള്‍ഡ് നിലത്തു വീഴുന്നത്. ഒരിക്കല്‍ നിലത്തു വീണ് എഴുന്നേറ്റ അദ്ദേഹത്തെ വീണ്ടും തള്ളി താഴെയിടുന്ന സിസിടിവി ദൃശ്യം ലഭ്യമാണ്.