കുവൈത് സിറ്റി: രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ എട്ടുപേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടത്. റെസിഡന്‍സി ഇടപാടുകള്‍ക്കുവേണ്ടി കൈക്കൂലി വാങ്ങി വ്യാജ രക്തപരിശോധനഫലം നല്‍കിയെന്ന കേസിലാണ് ഇന്‍ഡ്യന്‍, ഈജിപ്ഷ്യന്‍ സ്വദേശികള്‍ക്കെതിരെ നടപടി.
മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ആരോഗ്യജീവനക്കാര്‍ ഉള്‍പെടെയുള്ള പ്രതികളെ പൊലീസ് പിടികൂടിയതെന്നാണ് റിപോര്‍ട്. വിദേശികളില്‍നിന്ന് ഇടനിലക്കാര്‍ വഴി പണം വാങ്ങിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. താമസരേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലാബ് പരിശോധനയില്‍ ശാരീരികക്ഷമത കാണിക്കുന്ന ‘ഫിറ്റ്’ സര്‍ടിഫികറ്റ് ഇവര്‍ കൃത്രിമമായി നിര്‍മിച്ച് കൈമാറുകയായിരുന്നുവെന്നും അധികൃര്‍ പറഞ്ഞു.
ഏഷ്യന്‍ പൗരനായ ഒരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റു പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ സര്‍ടിഫികറ്റിനായി പണം നല്‍കിയതായി സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്.