ലണ്ടന്‍: എന്‍എച്ച്എസ് പ്രതിസന്ധി പരിഹരിക്കാന്‍ വീക്കെന്‍ഡുകളില്‍ ജോലി ചെയ്യണമെന്ന ആവശ്യം തള്ളി ഡോക്ടര്‍മാര്‍. ഇത് തങ്ങളുടെ തൊഴില്‍-ജീവിത ബാലന്‍സിനെ അപകടപ്പെടുത്തുമെന്നാണ് ഇവരുടെ പക്ഷം. സുപ്രധാന ടെസ്റ്റുകളും, ചികിത്സകളും ഉള്‍പ്പെടെ ലഭിക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം ഏഴ് മില്ല്യണെന്ന റെക്കോര്‍ഡ് സംഖ്യയില്‍ തൊട്ടതോടെ ഏഴ് ദിവസം റൊട്ടേഷന്‍ ജോലി നടപ്പാക്കാന്‍ എന്‍എച്ച്എസ് മേധാവികള്‍ സമ്മര്‍ദം നേരിടുകയാണ്. വീക്കെന്‍ഡുകളിലും മികച്ച പരിചരണം നല്‍കേണ്ടത് രോഗികളോടുള്ള ബാധ്യതയാണെന്ന് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ലോര്‍ഡ് ലാന്‍സ്ലി വ്യക്തമാക്കി. വീക്കെന്‍ഡുകളില്‍ എന്‍എച്ച്എസിന്റെ ഉപയോഗം പരിമിതമാണെന്ന് പല പ്രമുഖ ഡോക്ടര്‍മാരും വെളിപ്പെടുത്തിയിരുന്നു. രോഗികളെ വീക്കെന്‍ഡുകളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റിയ തീരുമാനം കൈക്കൊള്ളുന്നവരില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയും ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഏഴ് ദിവസത്തെ തൊഴില്‍ദിനം ജീവനക്കാരുടെ ക്ഷാമം മൂലം അസാധ്യമായ അവസ്ഥയിലെത്തിച്ചതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ഡോ. വിശാല്‍ ശര്‍മ്മ തിരിച്ചടിച്ചു. ‘ഇത് രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സ വര്‍ദ്ധിപ്പിക്കില്ല. പകരം ആഴ്ചയില്‍ ലഭ്യമായ ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഇപ്പോള്‍ ജോലി ചെയ്യുന്നതിനെ അപേക്ഷിച്ച് കൂടുതല്‍ ജീവനക്കാര്‍ വീക്കെന്‍ഡുകളില്‍ ജോലിക്ക് എത്തിയേക്കാം, പക്ഷെ അത് അവരുടെ വര്‍ക്ക്-ലൈഫ് ബാലന്‍സിനെ ബാധിക്കും’, ഡോ. വിശാല്‍ ശര്‍മ്മ അവകാശപ്പെട്ടു. ശരാശരി ബുധനാഴ്ചകളില്‍ 86 കണ്‍സള്‍ട്ടന്റുമാര്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ഞായറാഴ്ച ഇത് കേവലം 12 ആയി ചുരുങ്ങുമെന്നാണ് കണക്കുകള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ മരണ നിരക്ക് വീക്കെന്‍ഡില്‍ 14 ശതമാനം ഉയരുകയും ചെയ്യുന്നുണ്ട്. രോഗികള്‍ മാസങ്ങളോളം ചികിത്സയ്ക്കായി കാത്തിരിക്കുമ്പോള്‍ പത്തിലൊന്ന് ആശുപത്രി ബെഡുകളും ആവശ്യമില്ലാത്തവരാണ് കൈയടക്കി വെച്ചിരിക്കുന്നത്.