മസ്കത്ത്: ലോകകപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നതോടെ ഒമാനിലും ആവേശം പെരുകി. ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്‍റീനയും ബ്രസീലും വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ കളത്തിലിറങ്ങിയത് കളി കാണുന്നതിനുള്ള തിരക്ക് വര്‍ധിക്കാന്‍ കാരണമായി. വാരാന്ത്യ അവധി ദിവസങ്ങളില്‍ പ്രധാന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനെത്തിയത് കൂടുതല്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് കളികാണാന്‍ സൗകര്യമായി.
അവധി ദിവസമായതിനാലാണ് പുലര്‍ച്ചെ ഒരു മണിവരെ നീണ്ട അര്‍ജന്‍റീന- നെതര്‍ലാന്‍ഡ്സ് ഏറ്റുമുട്ടല്‍ പലര്‍ക്കും കാണാന്‍ കഴിഞ്ഞത്. ഒമാന്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ലോകകപ്പ് കാണാന്‍ ഏറ്റവും കൂടുതല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. കളിക്കൊപ്പം ഭക്ഷണത്തിനും മറ്റ് വിനോദങ്ങള്‍ക്ക് സൗകര്യമൊരുക്കിയതിനാല്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കളികാണാനെത്തുന്നവര്‍ തലേ ദിവസം ബുക്ക് ചെയ്യണമെന്ന വ്യവസ്ഥയുള്ളത് തിരക്ക് കുറക്കാന്‍ കാരണമായിട്ടുണ്ട്. വിവിധ ടീമുകളുടെ ആരാധകര്‍ ജഴ്സി അണിഞ്ഞാണെത്തുന്നത്. മൊറോക്കോ ടീം ഇറങ്ങുന്ന ദിവസമാണ് ഇവിടെ കൂടുതല്‍ കാണികളെത്തുന്നത്. ഒമാനിലെ മൊറോക്കാക്കാരില്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. അതോടൊപ്പം സ്വദേശികളില്‍ ഒരു വിഭാഗവും മൊറോക്കോക്ക് പിന്തുണയുമായി രംഗത്തുണ്ട്.
എന്നാല്‍ ഒമാനില്‍ പൊതുസ്ഥലങ്ങളില്‍ കളി കാണാന്‍ വലിയ സൗകര്യമില്ലാത്തതിനാല്‍ ബഹുഭൂരിപക്ഷവും വീട്ടിലിരുന്നാണ് കളി കാണുന്നത്. കുറെ കുടുംബങ്ങള്‍ ചില വീടുകളില്‍ ഒത്തുകൂടി കളി കാണുന്നുമുണ്ട്. ചില സംഘടനകളും കൂട്ടായ്മകളും സ്ഥാപനങ്ങളും തങ്ങളുടെ ഓഫിസുകളില്‍ കളി കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ വിവിധ രാജ്യങ്ങളുടെ ഫാനുകളായി തിരിഞ്ഞ് കളികാണുന്നത് ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. 13,14 തീയതികളില്‍ നടക്കുന്ന സെമി ഫൈനലും 18 ന് നടക്കുന്ന ഫൈനലും ഒന്നിച്ചിരുന്ന് കാണാന്‍ ഒമാനിലെ നിരവധി കൂട്ടായ്മകള്‍ ഇപ്പോള്‍ തന്നെ പദ്ധതി തയാറാക്കുന്നുണ്ട്.
ചില ഹോട്ടലുകളും മറ്റും കളി കാണുന്നതിന് സ്ക്രീന്‍ ഒരുക്കിയത് പലര്‍ക്കും സൗകര്യമാവുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കളി ആവേശത്തില്‍ പലരും ദീര്‍ഘനേരം നിന്നാണ് ഇവിടങ്ങളില്‍ കളി കാണുന്നത്. മറ്റ് സൗകര്യമില്ലാത്തതിനാല്‍ ഫോണിലും ഓണ്‍ലൈനിലും കളികാണുന്നവരും നിരവധിയാണ്.
കളി മുറുകിയതോടെ പ്രവാസി മലയാളികളുടെ പ്രാധാന ചര്‍ച്ച വിഷയം ഫുട്ബാള്‍ തന്നെയാണ്. ഹോട്ടലുകളിലും ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളിലും ചര്‍ച്ചയിലെത്തുന്നത് മെസ്സിയും നെയ്മറും സ്വര്‍ണകപ്പുമൊക്കെയാണ്. കപ്പ് ആര്‍ക്ക് ലഭിക്കുമെന്ന വിഷയത്തിലും പ്രവചനങ്ങള്‍ നടക്കുകയാണ്. അര്‍ജന്‍റീനക്ക് കപ്പ് കിട്ടുമെന്ന് പറയുന്നവരും ഫ്രാന്‍സിനാണ് സാധ്യതയെന്നുമൊക്കെ വാദിക്കുന്നവരും നിരവധിയാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ ടീമുകളായ ഫ്രാന്‍സും ക്രൊയേഷ്യയും ഫൈനലിലെത്തുമെന്ന് വാദിക്കുന്നരുമുണ്ട്.
ക്രൊയേഷ്യയും മൊറോക്കോയും ഫൈനലിലെത്തണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഞായറാഴ്ച വാരാന്ത്യ അവധി കഴിഞ്ഞെത്തുമ്ബോള്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും പ്രധാന വിഷയം കാല്‍പന്ത് കളി തന്നെയാവും.ഇനി ഫുട്ബാള്‍ മാമാങ്കം കഴിയുന്നത് വരെ ഒമാനിലും കളി തന്നെയായിക്കും മുഖ്യ വിഷയം.