ലണ്ടന്‍: യുകെയില്‍ കുടുംബമായി ജീവിക്കാന്‍ ഇനി കടമ്പകളേറെയാണ്. കുടിയേറ്റം കുറയ്ക്കാനും നിയമങ്ങള്‍ കര്‍ശനമാക്കാനും തുടങ്ങിയതോടെ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എല്ലാ മേഖലയിലുമുള്ള കുടിയേറ്റക്കാരിലും വെല്ലുവിളി സൃഷ്ടിക്കുകയാണ്. വിസ ലഭിക്കാന്‍ മിനിമം വേതനം നിലവില്‍ വരുന്നതോടെ യുകെ സ്വപ്നം പലര്‍ക്കും കീറാമുട്ടിയാകും. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ കടിഞ്ഞാണ്‍ ഇടുകയാണ്. ഡിസംബറിലെ ആ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുകയാണ്. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് യു കെയിലേക്ക് കുടുംബാംഗങ്ങളെയോ ആശ്രിതരെയോ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം മാര്‍ച്ച് 11 മുതല്‍ നിലവില്‍ വരും.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നതിനുള്ള മിനിമം വേതനം നിലവിലെ 26,200 പൗണ്ടില്‍ നിന്നും 38,7000 പൗണ്ട് ആക്കുന്നു .ഇത് ഏപ്രില്‍ 4 മുതല്‍ നടപ്പാകുകയാണ്. മറ്റൊരു തിരിച്ചടി യു കെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള ഫാമിലി വിസക്ക് ആവശ്യമായ മിനിമം വേതനം 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ട് ആക്കി ഉയര്‍ത്തി. ഏപ്രില്‍ 11 ന് ഈ നിയമവും പ്രാബല്യത്തില്‍ വരും. പ്രൊഫണലായവര്‍ക്കു പോലും പുതിയ തീരുമാനങ്ങള്‍ തിരിച്ചടിയാകും. നിലവില്‍ യുകെയില്‍ താമസിക്കുന്നവരും ആശങ്കയിലാണ്. കാരണം. മിനിമം വേതനം ഇല്ലെങ്കില്‍, വിസ കാലാവധി കഴിഞ്ഞ് പുതുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.