
ചരിത്ര പ്രധാനമായ കോട്ട കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിയ്ക്കുന്നത്. യുകെയിലെ ചരിത്ര പ്രധാനമായ വിഗ്മോര്‍ കോട്ടയാണ് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം വന്നിരിയ്ക്കുന്നത്.
നിരവധി രാജ കുടുംബപ്രതിനിധികള്‍ ജീവിച്ച വിഗ്മോര്‍ കോട്ട 4 കോടി രൂപയ്ക്കാണ് വില്‍ക്കാനൊരുങ്ങുന്നത്. മുന്‍പ് പറഞ്ഞിരുന്നതില്‍ നിന്നും 44 ലക്ഷത്തോളം രൂപ കുറച്ചാണ് പുതിയ വില പരസ്യപ്പെടുത്തിയിരിക്കുന്നത്.
1067ല്‍ ഹിയര്‍ഫോര്‍ഡ് പ്രഭുവും വില്യം രാജാവിന്റെ വിശ്വസ്തനുമായ വില്യം ഫിറ്റ്‌സ് ഓസ്‌ബേണാണ് ഈ കോട്ട നിര്‍മ്മിച്ചത്. 956 വര്‍ഷം പഴക്കമുള്ള വിഗ്മോര്‍ 29.84 ഏക്കര്‍ ഭൂമിയിലാണ് നിലകൊള്ളുന്നത്. ഗ്രേഡ് വണ്‍ (Grade 1) ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോട്ട വാങ്ങുന്നവര്‍ക്ക് കോട്ടയോടൊപ്പമുള്ള വനപ്രദേശങ്ങളും ജൗസ്റ്റിംഗ് ഫീല്‍ഡും (Jousting Field) ഉള്‍പ്പെടുന്ന വലിയ മൈതാനങ്ങളും ലഭിക്കും. കൂടാതെ വസ്തുവിലുള്ള ഒരു കളപ്പുരയെ സ്വകാര്യ വഴിയിലൂടെ പ്രവേശിക്കാന്‍ കഴിയുന്ന രണ്ട് കിടപ്പ് മുറികളുള്ള കെട്ടിടമാക്കി മാറ്റാനുള്ള അനുമതിയും വാങ്ങുന്നവര്‍ക്ക് ലഭിക്കും.
കളപ്പുരയെ രണ്ട് കിടപ്പുമുറികളുള്ള കെട്ടിടമാക്കി മാറ്റാനുള്ള അനുമതിയോടെ ഗ്രേഡ് വണ്‍ ലിസ്റ്റിലെ കോട്ട വില്‍ക്കുന്നത് അത് വാങ്ങുന്നവരെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് സണ്ടര്‍ലാന്‍ഡ് എസ്റ്റേറ്റ് (Sunderland Estate) ഏജന്റുമാരുടെ പ്രതിനിധി അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് സെക്രട്ടറിയുടെ കീഴിലുള്ള വസ്തുക്കളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിയമം നിലനില്‍ക്കുന്നതുകൊണ്ട് വാങ്ങുന്നവര്‍ കോട്ടയുടെ മൈതാനത്തില്‍ പൊതു ജനങ്ങളെ പ്രവേശിപ്പിക്കണം. ഏറെ പഴക്കമുള്ളതുകൊണ്ട് തന്നെ കോട്ടയുടെ ചുറ്റുപാടും സസ്യങ്ങളുടെയും മറ്റ് ജീവികളുടെയും വലിയൊരു ആവാസവ്യവസ്ഥ തന്നെ രൂപപ്പെട്ടിട്ടുണ്ട്.