
ലണ്ടൻ: അപ്രതീക്ഷിതമായി ഭാഗ്യം നമ്മളെ തേടിയെത്തിയാലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല, അല്ലേ. അങ്ങനെ ഒരു ഭാഗ്യത്തിനൊപ്പമാണ് യുകെ ദമ്ബതികളായ റിച്ചാർഡും ഡെബ്ബി നറ്റല്ലും.
തങ്ങളുടെ 30ാം വിവാഹ വാർഷിക സമയത്ത് എടുത്ത ജാക്‌പോട്ടിന് സമ്മാനം ലഭിച്ചിരിക്കുകയാണ് ഇരുവർക്കും. സമ്മാനം അടിച്ച തുകയാണ് എല്ലാവരെയും ഞെട്ടിച്ചത്. 72,274,808 പൗണ്ട്, അതായത് 648 കോടി ഇന്ത്യ രൂപ. ഒരിക്കലും പ്രതീക്ഷിക്കാതെ തങ്ങളെ തേടിയെത്തിയ സമ്മാനത്തിന്റെ ഞെട്ടലിലാണ് റിച്ചാഡും ഭാര്യയും.
യൂറോ മില്യണ്‍സ് ലോട്ടറി ജനുവരി 30ന് നറുക്കെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഫ്യൂർട്ടെവെഞ്ചുറ എന്ന ദ്വീപില്‍ വിവാഹ വാർഷിക ആഘോഷം പൊടിപൊടിക്കുന്നതിനിടെ ഇമെയില്‍ സന്ദേശത്തിലൂടെ ഭാഗ്യം വന്നെത്തിയ വിവരം ഇരുവരും അറിഞ്ഞത്. ദ മിററിന് നല്‍കിയ അഭിമുഖത്തിലാണ് റിച്ചാർഡ് സമ്മാനം ലഭിച്ച വിവരം ലോകത്തോട് വിളിച്ച് പറഞ്ഞത്.
‘അവധി ആഘോഷിക്കുന്ന രണ്ടാം ദിവസമായിരുന്നു അന്ന്. കുറച്ച് ജോലി ചെയ്ത് തീർക്കാനുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ഒരു ഇമെയില്‍ സന്ദേശം ഞങ്ങളെ തേടിയെത്തിയത്. നിങ്ങളെ കാത്ത് ഒരു സന്തോഷ വാർത്തയുണ്ട് എന്നായിരുന്നു നാഷണല്‍ ലോട്ടറി അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. പിന്നാലെ നാഷണല്‍ ലോട്ടറി അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ബാലൻസ് ഉയർന്നതായി കണ്ടു’- റിച്ചാർഡ് പറഞ്ഞു.
‘പിന്നാലെ താൻ ലാപ്ടോപ്പ് അടച്ച് പ്രഭാതഭക്ഷണം കഴിച്ച് ഭാര്യയോടൊപ്പം ദ്വീപ് ചുറ്റിക്കറങ്ങി. തിരികെ പോകുന്നതിന് മുമ്ബ് അവർ കടല്‍ കാഴ്ചകളും വിൻഡ്സർഫറുകളും ആസ്വദിച്ചു. തങ്ങള്‍ക്കാണ് സമ്മാനം ലഭിച്ചെന്ന് സ്ഥിരീകരിക്കാൻ നാഷണല്‍ ലോട്ടറിയെ വിളിക്കാൻ തീരുമാനിച്ചു. അതിനുവേണ്ടി മൊബൈല്‍ സിഗ്നല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ പോയി. എന്നാല്‍ അവിടെയൊന്നും മൊബല്‍ സിഗ്നല്‍ ലഭിച്ചിരുന്നില്ല’- റിച്ചാർഡ് പറഞ്ഞു.
തുടർന്ന് മകളുടെ സഹായത്തോടെയാണ് ലോട്ടറി അടിച്ച വാർത്ത സ്ഥിരീകരിച്ചത്. ശേഷം സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങിയ ദമ്ബതികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന് ആസൂത്രണം ചെയ്യുകയായിരുന്നു. ഒരു പുതിയ വീട് വയ്ക്കാൻ ആഗ്രഹമുണ്ട്. ശേഷം ഇഷ്ട സ്ഥലമായ പോർച്ചുഗലില്‍ അവധി ആഘോഷിക്കാനുള്ള പദ്ധതിയുമുണ്ടെന്ന് ദമ്ബതികള്‍ പറയുന്നു.