
ലണ്ടന്‍: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡിവോണില്‍ വിതരണം ചെയ്ത വെള്ളത്തിലാണ് വയറിളക്കവും, ശര്‍ദ്ദിയും പോലുള്ള വയറിലെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന പാരാസൈറ്റ് കണ്ടെത്തിയതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ വ്യക്തമാക്കി. രോഗകാരണം ഒഴിവാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എസ്വിവി കൂട്ടിച്ചേര്‍ത്തു.
രോഗം പടര്‍ന്ന ഇടങ്ങളില്‍ ബോട്ടില്‍ വെള്ളം എത്തിക്കുന്നുണ്ട്. ക്രിപ്റ്റോസ്പൊറാഡിയം എന്ന പാരാസൈറ്റ് അകത്തെത്തിയാല്‍ മനുഷ്യന്‍ രോഗബാധിതമാകും. ഒപ്പം പ്രതിരോധശേഷി കുറഞ്ഞവരില്‍ ഇത് ഗുരുതരവുമാകുമെന്ന് യുകെഎച്ച്എസ്എ പറഞ്ഞു. ബ്രിക്സ്ഹാം, ബൂഹെയ്, കിംഗ്സ്വെയര്‍, റോസ്ലാന്‍ഡ്, ഡിവോണിലെ നോര്‍ത്ത് ഈസ്റ്റ് പെയിന്‍ടണ്‍ എന്നിവിടങ്ങളിലുള്ളവര്‍ ടാപ്പ് വെള്ളം തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. സൗത്ത് ഡിവോണില്‍ 22 കേസുകള്‍ ഈ പാരാസൈറ്റ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മറ്റ് നൂറുകണക്കിന് പേര്‍ ഇത് മൂലം രോഗബാധിതരായെന്നാണ് സംശയിക്കുന്നത്. വയറിളക്കം, വയറുവേദന, മനംപുരട്ടല്‍, ശര്‍ദ്ദില്‍, ചെറിയ പനി, വിശപ്പില്ലായ്മ എന്നിവയാണ് ഇവിടെയുള്ള താമസക്കാരും, സന്ദര്‍ശകരും കാണിക്കുന്ന ലക്ഷണങ്ങള്‍.