പനിയുള്ളപ്പോൾ വേദനസംഹാരി കഴിയ്‌ക്കണോ?

സാധാരണ വൈറൽ (covid , dengue ഉൾപ്പടെയുള്ള) പനികൾക്കും എലിപ്പനിക്കും മലേറിയയ്ക്കും പനി, കടുത്ത ശരീര വേദന, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ വളരെ സാധാരണമാണ്.ചിലപ്പോൾ ശരീരവേദന മാത്രമായിരിക്കും ആരംഭലക്ഷണം. രോഗനിർണ്ണയം നടത്തി ചികിത്സ തുടങ്ങാൻ സാധാരണയായി 3 ദിവസം എങ്കിലും എടുക്കും.

പനിയുടെ ആരംഭത്തിൽ തന്നെയുണ്ടാകുന്ന വേദനകൾക്കായി വേദനസംഹാരികൾ സ്വയം മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങിയോ ഡോക്ടറുടെ അടുത്തു നിന്നും ആവശ്യപ്പെട്ട്‌ വാങ്ങിയോ കഴിക്കുന്നവരുണ്ട്. ചിലർ മുൻപ് മറ്റേതെങ്കിലും അസുഖത്തിന് ഡോക്ടർ കൊടുത്ത വേദനസംഹാരികൾ കഴിക്കാറുണ്ട്. ഇതൊക്കെ അപകടകരമാണ്. ചിലർ വേദനയ്ക്ക് ഇഞ്ചക്ഷൻ വേണം എന്ന് ശഠിച്ചു അതു കൊടുക്കാതെ വരുമ്പോൾ ഇച്ഛാഭംഗത്തോടെയും ദേഷ്യത്തോടെയും ആകും ഡോക്ടറുടെ അടുത്ത് നിന്ന് പോകുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ മനസ്സിലാക്കേണ്ടതും ഓർത്തിരിക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്

1) വേദന എന്നത് അസുഖമല്ല മറിച്ച് അസുഖത്തിന്റെ ലക്ഷണം ആയതു കൊണ്ട് രോഗം മാറുമ്പോൾ കടുത്ത വേദനകൾ സാധാരണയായി മാറാറുണ്ട്. രോഗം ഭേദമായശേഷവും മാറാത്ത വേദന പിന്നീട് അതിനു പ്രത്യേകമായി ചികിത്സിച്ചു മാറ്റാവുന്നതാണ്.

2) രോഗം അഥവാ മൂർച്ഛിച്ചാൽ വേദനസംഹാരി കഴിച്ചവരിലാണ് വൃക്കയ്ക്ക് തകരാറു കൂടുതൽ സംഭവിച്ചു കാണപ്പെടുന്നത്. പനി മൂലമുണ്ടാകുന്ന മരണക്കണക്ക്‌ ഓഡിറ്റ്‌ ചെയ്യുമ്പോൾ മരിച്ചവർ പനിയുടെ തുടക്കത്തിൽ വേദനസംഹാരികൾ ഉപയോഗിച്ചിരുന്നതായും അതുമൂലം പലപ്പോഴും വൃക്കയ്ക്ക് തകരാർ സംഭവിച്ചതായും കാണാം.

3) കടുത്ത പനി വരുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നതിനാൽ ആന്തരാവയവങ്ങളിൽ രക്തഓട്ടം കുറയുകയും ,വേദനസംഹാരികൾ കഴിയ്ക്കുമ്പോൾ ആ മരുന്നുകൾ കൂടുതൽ സമയം ഓരോ അവയവങ്ങളിൽ തങ്ങി നിൽക്കുകയും അവയ്ക്ക് തകരാറു സംഭവിയ്ക്കുകയും ചെയ്യും.

ചെയ്യേണ്ടത് ഇത്രമാത്രം,

സ്വയം ചികിത്സ ഒഴിവാക്കാൻ നോക്കുക.സാധിച്ചില്ലെങ്കിൽ അത്യാവശ്യം പാരസെറ്റമോൾ ഒന്നോ രണ്ടോ നേരം മാത്രം കഴിക്കുക. പാരസെറ്റമോൾ പനി കുറക്കുന്നത് പോലെ വേദന കുറയ്ക്കുവാൻ കൂടി ഉപയോഗിക്കുന്നതാണ്. കുട്ടികളിലും, ഗർഭിണികളിലും താരതമ്യേന സുരക്ഷിതമായി ഉപയോഗിച്ചു വരുന്ന ഒരു മരുന്നാണ്. ഇത് ദിവസം നാല്‌ ഗ്രാമിൽ കൂടിയാൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകും. സ്ഥിരം ഉപയോഗിക്കുന്നവരിൽ gastric ulcer bleeding, ലിവർ disease, analgesic നെഫ്രോപതി എന്നിവ കണ്ടു വരുന്നുണ്ട്.

Risk- benefit ratio വച്ചു നോക്കുമ്പോൾ നാം മൂന്നോ നാലോ നേരം കഴിയ്ക്കുന്ന ശരിയായ അളവിലുള്ള പാരസറ്റമോൾ ശരീരത്തിനു വലിയ രീതിയിൽ ഉള്ള പ്രശ്നം ഉണ്ടാക്കുന്നില്ല.

വേദനസംഹാരികൾ പൊതുവെ അനുവദനീയമായ അളവിൽ, ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിച്ചാൽ പ്രശ്നക്കാരനല്ല.മറ്റേത് മരുന്നും പോലെ അമിത ഉപയോഗവും, അനാവശ്യസന്ദർഭങ്ങളിലും ഉപയോഗിക്കുന്നത് മൂലവുമാണ് പാർശ്വഫലങ്ങൾ കൂടുതലായി ഉണ്ടാവുന്നത്. 1950 കളിൽ സ്റ്റീറോയ്ഡ് മരുന്നുകളാണ് വേദനസംഹാരികളായി ഉപയോഗിച്ചിരുന്നത്. ഇതിന്റെ അമിതഉപയോഗം മൂലമുള്ള പാർശ്വഫലങ്ങൾ അതിനെ പിന്നോട്ടടിച്ചപ്പോഴാണ് NSAIDs (Non-steroidal Anti inflammatory Drugs) വിഭാഗത്തിലുള്ള മരുന്നുകൾ രംഗപ്രവേശം ചെയ്തത്. ശരീരത്തിലെ നീർവീക്കം കുറയ്ക്കുന്നതിനോടൊപ്പം ഈ മരുന്നുകൾ മുറിവുകൾ ഉണ്ടാകുമ്പോൾ രക്തസ്രാവം നിർത്താനുള്ള ശരീര പ്രവർത്തനത്തിൻ്റെ ആദ്യഭാഗമായ platelet aggregation നെ തടയുകയും ചെയ്യുന്നു. തന്മൂലം ulcer bleeding ന് ഉള്ള സാധ്യത വർധിക്കുന്നു . കൂടാതെ ചുവന്ന രക്‌താണു ഉണ്ടാക്കുന്ന ഹോർമോണായ erythropoietin നെ നിർവീര്യമാക്കുന്നത് മൂലം വിളർച്ചയും കാണപ്പെടുന്നു.

പനി ഉള്ളപ്പോൾ വേദന സംഹാരികൾ കഴിവതും ഒഴിവാക്കുക. ജലാംശം ശരീരത്തിൽ നില നിർത്തുന്നത് രോഗപ്രതിരോധത്തിനും രോഗത്തിന്റെയും മരുന്നിന്റെയും പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കും എന്നതിൽ സംശയമില്ല.

Next Post

യു.കെ: സമീക്ഷ യുകെ ദേശീയ സമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

Thu May 25 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: സമീക്ഷ UK യുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച്ച നടന്ന സമ്മേളനത്തിന് തുടക്കംകുറിച്ച് സമീക്ഷ നാഷണൽ പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി. വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പളളി സ്വാഗതം […]

You May Like

Breaking News

error: Content is protected !!