ലണ്ടന്‍: യുകെയില്‍ ആരോഗ്യമേഖലയിലെ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ വര്‍ധിച്ച് വരുന്ന ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഇപ്പോഴും നിര്‍ണായകമായി വര്‍ത്തിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നു. ഉദാഹരണമായി ഇംഗ്ലണ്ടിലെ നോര്‍ത്ത് മിഡ്ലാന്‍ഡ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിലവില്‍ 352 വിദേശ നഴ്സുമാരാണ് ജോലി ചെയ്യുന്നത്. ഒക്ടോബറില്‍ മാത്രം ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും 30 നഴ്സുമാരാണ് റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി സ്റ്റഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കയിലെ ബോട്വാനയില്‍ നിന്നാണ് ഇവിടേക്ക് മുഖ്യമായും നഴ്സുമാരെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ഹോസ്പിറ്റലിലെ സ്റ്റാഫിംഗ് ലെവലിനെ കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി കെയര്‍ ക്വാളിറ്റി കമ്മീഷന്‍ മുന്നോട്ട് വരുകയും ചെയ്തിരുന്നു.2022ല്‍ നാനൂറില്‍ പരം നഴ്സുമാരുടെ വേക്കന്‍സിയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ മാസത്തെ ഇവിടുത്തെ നിയമനം പൂര്‍ത്തിയായതോടെ ഈ വേക്കന്‍സികള്‍ 40ലേക്ക് ചുരുങ്ങുമെന്നാണ് യുഎച്ച്എന്‍എം ചീഫ് എക്സിക്യൂട്ടീവായ ട്രേസി ബുള്ളക്ക് സെപ്റ്റംബറില്‍ വെളിപ്പെടുത്തിരുന്നത്. നാളിതുവരെ നടന്ന ഫോറിന്‍ നഴ്സുമാരുടെ നിയമനത്തിന്റെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഒക്ടോബറിലെ നിയമനമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ നിയമിക്കപ്പെട്ട എല്ലാ നഴ്സുമാരും അവരവരുടെ രാജ്യങ്ങളില്‍ നഴ്സിംഗ് പഠനം നിര്‍വഹിച്ചവരാണ്. പക്ഷേ ഇത്തരത്തിലെത്തുന്നവര്‍ക്ക് യുകെയില്‍ നഴ്സിംഗ് ജോലി ചെയ്യണമെങ്കില്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നടത്തുന്ന ഒരു ക്ലിനിക്കല്‍ എക്സാം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുണ്ട്. 2023 അന്ത്യത്തോടെ യുഎച്ച്എന്‍എം ഹോസ്പിറ്റലുകളില്‍ 352 ഫോറിന്‍ നഴ്സുമാര്‍ തൊഴിലെടുക്കാനുണ്ടാകുമെന്നും ഇത് നഴ്സുമാരുടെ വേക്കന്‍സില്‍ കാര്യമായ തോതില്‍ നികത്താന്‍ വഴിയൊരുക്കുമെന്നുമാണ് ഇന്റര്‍നാഷണല്‍ നഴ്സ് ലീഡായ സ്റ്റെല്ല അണ്ടര്‍ വുഡ് എടുത്ത് കാട്ടുന്നത്. നിയമനപ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം ഇത്തരം നഴ്സുമാര്‍ കൈവരിക്കുന്ന അനുഭവസമ്പത്ത് വിപുലീകരിക്കുന്നതിനും അത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സ്റ്റെല്ല വ്യക്തമാക്കുന്നു. എന്ത് തന്നെയായാലും യുകെയിലെ ആരോഗ്യ രംഗത്തെ സ്റ്റാഫുകളുടെ അപര്യാപ്തത ഇല്ലാതാക്കുന്നതിന് വിദേശികളെ നിയമിക്കുന്നത് തന്നെയാണ് ഏറ്റവും അനുയോജ്യമായ അടിയന്തരി നീക്കമെന്നത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. മലയാളി നഴ്സുമാരടക്കമുളളവര്‍ക്ക് യുകെയിലുള്ള തൊഴിലവസരങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന നിലപാട് കൂടിയാണിതെന്നും എടുത്ത് കാട്ടപ്പെടുന്നു.