കുവൈത്ത് സിറ്റി | ഓരോ കാലത്തും മാനവിക സമൂഹത്തിന് വെളിച്ചം പകര്‍ന്നു നല്‍കിയ പൂര്‍വികരുടെ പാദമുദ്രകള്‍ നോക്കി സൂക്ഷ്മസഞ്ചാരം നടത്തുന്നതോടൊപ്പം പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യക്തി ജീവിതവും സാമൂഹിക പ്രതിനിധാനങ്ങളും ക്രിയാത്മകമായി ക്രമപ്പെടുത്തേണ്ടതുണ്ടെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ പ്രസ്താവിച്ചു.
ഐ സി എഫ് അന്തര്‍ദേശീയ തലത്തില്‍ നടപ്പാക്കുന്ന മാനവ വികസന വര്‍ഷം പദ്ധതികളുടെ പ്രചാരണ ഭാഗമായി നടത്തുന്ന സ്‌നേഹസഞ്ചാരത്തിന് കുവൈത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യക്തികളും പ്രസ്ഥാനവും വലിയ സ്വപ്നങ്ങള്‍ കാണാന്‍ ശീലിക്കുകയും അവ യാഥാര്‍ഥ്യമാക്കുന്നതിനു നിതാന്തമായി പരിശ്രമിക്കുകയും വേണം. എങ്കില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ സാധ്യമാണെന്നും ചരിത്രത്തിലെയും സമകാലത്തേയും സാമൂഹിക മുന്നേറ്റങ്ങളെ പഠിക്കാന്‍ തയാറായാല്‍ അതു ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ത്യാഗവും സമര്‍പ്പണവും നിറഞ്ഞ വഴികള്‍ താണ്ടിയാണ് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുക. അതിനാല്‍ നിഷ്‌ക്രിയരാകാനുള്ള കാരണങ്ങള്‍ തേടിപ്പോകാതെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറാന്‍ പരിശ്രമിക്കണമെന്നും നിസാര്‍ സഖാഫി ഉദ്‌ബോധിപ്പിച്ചു.
കുവൈത്ത് ഐ സി എഫ് പ്രസിഡന്റ് അലവി സഖാഫിയുടെ അധ്യക്ഷതയില്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. സൈദലവി തങ്ങള്‍ സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്ബാട് (യു എ ഇ) സമാപന പ്രസംഗം നടത്തി.
അബ്ദുല്‍ഹമീദ് ചാവക്കാട്, അഹ്മദ് സഖാഫി കാവനൂര്‍, ശുകൂര്‍ മൗലവി കൈപ്പുറം, അബ്ദുല്‍ അസീസ് സഖാഫി കൂനോല്‍മാട്, ബഷീര്‍ അണ്ടിക്കോട് സംബന്ധിച്ചു. കെ സാലിഹ് സ്വാഗതവും എ എം സമീര്‍ നന്ദിയും പറഞ്ഞു.