ഒമാന്‍: റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും 216 കടന്നു

മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് റിയാലിന് 216.30 രൂപ എന്ന നിരക്കിലെത്തി. മാർച്ച്‌ 14 മുതലാണ് ഉയരാൻ തുടങ്ങിയത്.

ഏഴിന് വിനിമയ നിരക്ക് ഒരു റിയാലിന് 214.70 രൂപവരെ താഴ്ന്നിരുന്നു. ഡോളർ ശക്തി കുറഞ്ഞതായിരുന്നു അന്ന് രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. എന്നാല്‍, ഏതാനും ദിവസമായി ഇന്ത്യൻ രൂപ തകർച്ച നേരിടുകയായിരുന്നു. വെള്ളിയാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞ് ഒരു ഡോളറിന് 83 രൂപയിലെത്തി. ഫെബ്രുവരി 20 ശേഷമുള്ള ഏറ്റവും മോശമായ ഇന്ത്യൻ രൂപയുടെ മൂല്യമാണിത്.

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ നിരവധി കാരണങ്ങളുണ്ട്. അസംസ്കൃത എണ്ണ വില വർധിച്ചതാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ രണ്ടുദിവസമായി അന്താരാഷ്ട്ര മാർക്കറ്റില്‍ എണ്ണ വില ഉയരുകയായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച എണ്ണ വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റില്‍ 85.65 ഡോളറാണ് അസംസ്കൃത എണ്ണയുടെ വില.

അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുകാരണം എല്ലാ ഏഷ്യൻ കറൻസികളും തകർച്ച നേരിടുന്നുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ച്‌ ഡോളർ ഇൻഡക്സ് 104.4ല്‍ എത്തിയിരുന്നു. അടുത്തിടെ 34 പോയന്റ് വർധനയാണ് ഡോളർ ഇൻഡക്സില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം റിയാലിന്റെ വിനിമയ നിരക്ക് കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കണ്‍വെർട്ടറില്‍ 217.40 രൂപയാണ് റിയാലിന്‍റെ വിനിമയ നിരക്ക് കാണിക്കുന്നത്. എന്നാല്‍, ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് 216.30 രൂപ എന്ന നിരക്കാണ് നല്‍കുന്നത്. ആയിരം രൂപക്ക് 4.600 റിയാലാണ് നല്‍കേണ്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് റിയാലിന്റെ വിനിമയ നിരക്ക് 214.40 രൂപ വരെ താഴ്ന്നിരുന്നു.

പിന്നീട് ഉയർന്ന് നവംബർ 28ന് 216.40 രൂപവരെ എത്തി. എന്നാല്‍, പിന്നീട് വിനിമയ നിരക്ക് കുറയുകയായിരുന്നു. കഴിഞ്ഞമാസം 15ന് വിനിമയ നിരക്ക് കുറഞ്ഞ് റിയാലിന് 215.10ല്‍ എത്തി. പിന്നീട് നിരക്ക് വർധിച്ച്‌ കഴിഞ്ഞ മാസം 22ന് 215.80 രൂപ വരെ ആയിരുന്നു.

വിനിമയ നിരക്ക് റിയാലിന് 216 രൂപ കടന്നതോടെ നാട്ടിലയക്കാൻ വലിയ സംഖ്യയുമായി കാത്തിരുന്നവർ വിനിമയ സ്ഥാപനങ്ങള്‍ വഴിയും ഓണ്‍ലൈൻ പോർട്ടലുകള്‍ വഴിയും പണം അയക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലേക്ക് കൂടുതല്‍ പണം ഒഴുകാൻ തുടങ്ങി. എന്നാല്‍, വിനിമയ പോർട്ടലുകളില്‍ വിനിമയ നിരക്ക് ഉയരുന്ന പ്രവണത കാണിക്കുന്നതുകാരണം ഇനിയും നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് പലരും. അതിനാല്‍ കൂടുതല്‍ നല്ല നിരക്കിനായി കാത്തിരിക്കുന്നവരും നിരവധിയാണ്.

Next Post

കുവൈത്ത്: അറേബ്യൻ റോയല്‍സ് ക്രിക്കറ്റ് ടീം ഇഫ്താര്‍

Fri Mar 22 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അറേബ്യൻ റോയല്‍സ് ക്രിക്കറ്റ് ടീം ഇഫ്താർ ഫഹാഹീല്‍ ദബൂസ് പാർക്കില്‍ സംഘടിപ്പിച്ചു. ഇഫ്താറിനൊപ്പം മതപഠന ക്ലാസിന് റിയാസ് പേരാമ്ബ്ര നേതൃത്വം നല്‍കി. അസ്‌ലം, ഹനൂദ്, ഷംസീർ എന്നിവർ നേതൃത്വം നല്‍കി.

You May Like

Breaking News

error: Content is protected !!