കുവൈത്ത്: കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് 18 മുതല്‍ സമയത്തില്‍ മാറ്റം

കുവൈത്ത് സിറ്റി: കുവൈത്തിനും -കോഴിക്കോടിനും ഇടയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സമയത്തില്‍ മാറ്റം. ഈ മാസം 18 മുതല്‍ മാര്‍ച്ച്‌ 18 വരെ വിമാനം നേരത്തേ പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ചില ഷെഡ്യൂളുകളില്‍ രണ്ടു മണിക്കൂറോളം മാറ്റമുണ്ട്.

കോഴിക്കോടുനിന്ന് രാവിലെ 9.50, 8.10 എന്നീ സമയങ്ങളില്‍ പുറപ്പെട്ടിരുന്ന വിമാനം ഈ മാസം 18 മുതല്‍ രാവിലെ 7.40ന് പുറപ്പെടും. ഇതോടെ മുന്‍ സമയക്രമത്തില്‍നിന്നും രണ്ടു മണിക്കൂറോളം നേരത്തേ വിമാനം കുവൈത്തില്‍ എത്തും. കുവൈത്തില്‍നിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന വിമാനം 18 മുതല്‍ രാവിലെ 11.20നാകും പുറപ്പെടുക. ആറു മണിയോടെ കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സമയമാറ്റം സംബന്ധിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പ് നല്‍കി. ലഭ്യമല്ലാത്തവര്‍ ടിക്കറ്റെടുത്ത ഏജന്‍സിയുമായി ബന്ധപ്പെട്ട് യാത്രാസമയം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

റണ്‍വേ റീകാര്‍പറ്റിങ് പ്രവൃത്തിയുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ കുവൈത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് ജനുവരി 15 മുതല്‍ നേരത്തെ ആക്കിയിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം രാവിലെ 10ന് പുറപ്പെടുന്ന കുവൈത്ത് എക്സ്പ്രസിന്റെ സമയം 9.50 ആക്കിയാണ് പുനഃക്രമീകരിച്ചത്. ഈ മാസം 18 മുതല്‍ ഇത് 7.40 ആകും.

റണ്‍വേ റീകാര്‍പറ്റിങ് പ്രവൃത്തിയുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കോഴിക്കോട്ടുനിന്ന് രാവിലെ നിരവധി വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. അതേസമയം, എമിഗ്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് നടപടികള്‍ വൈകിപ്പിക്കുന്നതായി ആരോപണമുണ്ട്. രാവിലെ 10നകം വിമാനങ്ങള്‍ക്ക് പുറപ്പെടാനായില്ലെങ്കില്‍ വൈകീട്ട് ആറിനു ശേഷമേ യാത്ര ആരംഭിക്കാനാകൂ. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന.

വിമാനം പുറപ്പെടുന്ന സമയം നേരത്തേ ആക്കിയത് പ്രവാസികള്‍ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, തുടര്‍ച്ചയായ വിമാനം വൈകലും റദ്ദാക്കലുമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നാണ് പ്രവാസികളുടെ ആവശ്യം. വെള്ളിയാഴ്ച കണ്ണൂരിലേക്കും തിങ്കളാഴ്ച കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.

അതിനിടെ, യു.എ.ഇയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നാല് എയര്‍ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് അവസാനിപ്പിച്ചു. മാര്‍ച്ച്‌ 27 മുതല്‍ ഈ സര്‍വിസുകളുടെ ബുക്കിങ് സ്വീകരിക്കില്ലെന്നാണ് അറിയിപ്പ്. ഈ സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തുന്നതിന്‍റെ ഭാഗമായാണോ ബുക്കിങ് അവസാനിപ്പിക്കുന്നതെന്നു സംശയമുണ്ട്. പ്രവാസികള്‍ ഏറെ ആശ്രയിക്കുന്നവയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍.

Next Post

ഈ ശീലങ്ങള്‍ വയറിന്റെ ആരോഗ്യം നശിപ്പിക്കുന്നു

Sun Feb 12 , 2023
Share on Facebook Tweet it Pin it Email വയറിന്റെ ആരോഗ്യം നന്നായാല്‍ ആകെ ആരോഗ്യം തന്നെ നന്നായി എന്നാണ് വിലയിരുത്തപ്പെടാറ്. അത്രമാത്രം പ്രധാനമാണ് വയറിന്റെ ആരോഗ്യം. ദഹനപ്രവര്‍ത്തനങ്ങള്‍, അതിന് ആവശ്യമായി വരുന്ന സമയം ഇതെല്ലാം കൃത്യമായാല്‍ തന്നെ വയറിന്റെ ആരോഗ്യം ഉറപ്പിക്കാനാകും. പല ഘടകങ്ങളാണ് വയറിന്റെ ആരോഗ്യത്തെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നത്. പ്രധാനമായും ഡയറ്റ് (കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം), ഡയറ്റ് ക്രമം (ഭക്ഷണസമയങ്ങള്‍) തുടങ്ങിയ കാര്യങ്ങള്‍ തന്നെയാണ് […]

You May Like

Breaking News

error: Content is protected !!