യു.കെ: ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തി, മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കും

ലണ്ടന്‍: സ്റ്റുഡന്റ്‌സ് റൂട്ടും ഇതിനോടനുബന്ധിച്ചുള്ള വര്‍ക്ക് റൂട്ടിലും കാതലായ മാറ്റം വരുത്തി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഹോം ഓഫിസ്. മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നതാണ് തീരുമാനം. ഇന്നലെ (ജൂലൈ 17) ഉച്ചയ്ക്ക് മൂന്നു മണിക്ക് നിയമം നിലവില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പെന്‍ഡന്റുമാരെ സംബന്ധിച്ച മാറ്റങ്ങള്‍ 2024 ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്നതിനാല്‍ 2023 ഓട്ടം സീസണില്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ ഈ മാറ്റങ്ങള്‍ ബാധിക്കില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. അതേസമയം, സ്വിച്ചിംഗ് ഉള്‍പ്പെടെ മറ്റ് നയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ 2023 ആഗസ്റ്റ് 7 മുതല്‍ വിവിധ തീയതികളിലായി നടപ്പാക്കി തുടങ്ങും. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് പ്രധാന മാറ്റങ്ങളാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി ഗവണ്‍മെന്റ് നടപ്പില്‍ വരുത്തുന്നത്.

സാധാരണയായി പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ച് 21 ദിവസം കാത്തിരുന്ന ശേഷമാണ് നയങ്ങള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഇക്കുറി ഇമിഗ്രേഷന്‍ നയമാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. പാര്‍ലമെന്റിന് മുന്നില്‍ വെച്ച് 21 ദിവസം കാത്തിരിക്കുകയെന്ന് പതിവ് തെറ്റിച്ചാണ് ഇമിഗ്രേഷന്‍ നിയമ മാറ്റങ്ങള്‍ വരുന്നത്. ഈ മാറ്റം അനിവാര്യമാണെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. കഴിഞ്ഞ മേയ് 23ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് പ്രകാരം മാറ്റങ്ങള്‍ സംബന്ധിച്ച് ആവശ്യത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് ഹോം ഓഫീസ് വാദം. കൂടാതെ 21 ദിവസം സാവകാശം നല്‍കിയാല്‍ ഈ ഘട്ടത്തില്‍ ലഭിക്കാന്‍ ഇടയുള്ള ഡിപ്പന്റന്‍ഡ്, സ്വിച്ചിംഗ് ആപ്ലിക്കേഷനുകളുടെ എണ്ണം പരിഗണിച്ചാണ് ഈ മാറ്റം.

റിസേര്‍ച്ച് പ്രോഗ്രാമുകള്‍ എന്ന വിഭാഗത്തില്‍ വരുന്നത് ഒഴിച്ചുള്ള പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകളില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്പന്‍ഡന്റ്സിനെ കൊണ്ടുവരാനുള്ള അവകാശം നീക്കം ചെയ്തു. പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സ്റ്റുഡന്റ് റൂട്ടില്‍ നിന്നും വര്‍ക്ക് റൂട്ടിലേക്ക് മാറാനുള്ള അന്താരാഷ്ട്ര് വിദ്യാര്‍ത്ഥികളുടെ യോഗ്യതയും നീക്കം ചെയ്തു. നിലവില്‍ യുകെയിലുള്ള ഡിപ്പെന്‍ഡന്റുമാരുടെ താമസ കാലയളവ് നീട്ടിക്കിട്ടാനുള്ള യോഗ്യതയെ ഇത് മാറ്റുന്നില്ല. കൂടാതെ 2024 ജനുവരി 1ന് മുന്‍പ് പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകളില്‍ ചേരുന്ന വിദേശ വിദ്യാര്‍ത്ഥികളെയും നയം ബാധിക്കില്ല. ഗവണ്‍മെന്റ് സ്പോണ്‍സേഡ് വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കും, യുകെയില്‍ ജനിച്ചവരുടെ ആശ്രിതരായ മക്കള്‍ക്കുമുള്ള നിലവിലെ ഇളവുകള്‍ തുടരുകയും ചെയ്യും.

ഇതോടൊപ്പമാണ് കോഴ്സുകള്‍ക്കിടെ വര്‍ക്ക് റൂട്ടിലേക്ക് മാറുന്നതിന് വിലക്ക് വരുന്നത്. കോഴ്സുകള്‍ പൂര്‍ത്തിയാക്കാതെ വിദ്യാര്‍ത്ഥികള്‍ മറ്റൊരു റൂട്ടിലേക്ക് സ്വിച്ച് ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ നടപടി. ഡിഗ്രി ലെവല്‍ അല്ലെങ്കില്‍ അതിന് മുകളിലുള്ള കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സ്പോണ്‍സേര്‍ക്ക് വര്‍ക്ക് റൂട്ടുകളിലേക്ക് സ്വിച്ച് ചെയ്യണമെങ്കില്‍ എംപ്ലോയ്മെന്റ് തുടങ്ങുന്ന തീയതി കോഴ്സ് പൂര്‍ത്തിയാക്കുന്ന തീയതിക്ക് മുന്‍പായിരിക്കരുതെന്നാണ് നിബന്ധന. പിഎച്ച്ഡിക്ക് പഠിക്കുന്നവര്‍ക്ക് 24 മാസത്തെ പഠനത്തിന് ശേഷം സ്വിച്ച് ചെയ്യാന്‍ സാധിക്കും.

ഇതിനിടെ വിദേശ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, കാര്‍പ്പന്റര്‍, മത്സ്യബന്ധന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കായി വിസ നിയമങ്ങള്‍ ലഘൂകരിക്കുന്നു. ഇത് ആഭ്യന്തര ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴിവുകള്‍ നികത്താന്‍ പാടുപെടുന്ന പ്രദേശങ്ങളിലെ വിസ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമായി ലഘൂകരിക്കുന്ന ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ കെട്ടിടനിര്‍മാണ തൊഴിലാളികളെ ചേര്‍ക്കാന്‍ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നിര്‍ദേശിച്ചു. ഈ ലിസ്റ്റിലുള്ള ആളുകള്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള വിദഗ്ധ തൊഴിലാളി വിസയ്ക്ക് (സ്‌കില്‍ഡ് വര്‍ക്കര്‍ വിസ) അപേക്ഷിക്കാം . മത്സ്യബന്ധന വ്യവസായത്തിലെ വിപുലമായ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത്.

ഈ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് വിസ ഫീസ് കുറവായിരിക്കും. അതേസമയം അപേക്ഷകര്‍ക്ക് സ്‌പോണ്‍സേര്‍ഡ് ജോബ് ഓഫര്‍ ആവശ്യമാണ്. കൂടാതെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകള്‍ നിറവേറ്റുകയും വേണം. ഓരോ ആറ് മാസത്തിലും പട്ടിക അവലോകനം ചെയ്യും.

കഴിഞ്ഞ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയതിന് ശേഷം യുകെയിലേക്കുള്ള കുടിയേറ്റം വളരെ ഉയര്‍ന്നതാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കുടിയേറ്റം കുറയ്ക്കുന്നതിനായി ബ്രിട്ടീഷ് പൗരന്മാരെ തൊഴില്‍ ക്ഷാമമുള്ള പ്രദേശങ്ങളില്‍ പരിശീലിപ്പിക്കാന്‍ യുകെ ബിസിനസുകളോട് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മ്മാണ, മത്സ്യബന്ധന വ്യവസായത്തില്‍ ഒഴിവുകള്‍ കുത്തനെ ഉയര്‍ന്നു. കോവിഡിന് മുമ്പുള്ള നിലയില്‍ നിന്ന് നിര്‍മ്മാണ മേഖലയില്‍ ഒഴിവുകള്‍ 65% കൂടുതലാണെന്ന് കണ്ടെത്തി. നിര്‍മ്മാണ തൊഴിലാളികളെ ലിസ്റ്റില്‍ ചേര്‍ക്കുന്നത് മൊത്തത്തിലുള്ള കുടിയേറ്റ കണക്കുകളില്‍ വലിയ മാറ്റമുണ്ടാക്കില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി പറയുന്നു.

Next Post

ഒമാന്‍: അഞ്ച് പതിറ്റാണ്ട് പ്രവാസത്തിന് വിരാമം മത്രക്കാരുടെ രാജേട്ടന്‍ നാടണഞ്ഞു

Tue Jul 18 , 2023
Share on Facebook Tweet it Pin it Email അഞ്ച് പതിറ്റാണ്ടത്തെ പ്രവാസജീവിതം നല്‍കിയ ഓര്‍മകളുമായി തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശി രാജൻ സ്നേഹത്തണലിലലിഞ്ഞു. 52 വര്‍ഷക്കാലം നീണ്ടുനിന്ന പ്രവാസത്തിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. മസ്കത്തിലെ വിവിധ തൊഴില്‍ മേഖലകളിലും ബിസിനസിലും കഴിവും പ്രാപ്തിയും തെളിയിച്ചാണ് പ്രവാസം അവസാനിപ്പിക്കുന്നത്. 1971ല്‍ മഹാരാഷ്ട്രയിലെ പുണെയിലേക്ക് വണ്ടി കയറിയാണ് പ്രവാസത്തിന് തുടക്കം കുറിച്ചത്. പത്താം ക്ലാസിന് ശേഷം നേടിയ […]

You May Like

Breaking News

error: Content is protected !!