ലണ്ടന്‍: പ്രധാനമന്ത്രി ഋഷി സുനാകിന് വീണ്ടുമൊരു കണ്‍സര്‍വേറ്റീവ് നേതൃത്വ പ്രതിസന്ധി നേരിടേണ്ട അവസ്ഥ. 1922 കമ്മിറ്റിക്ക് 25 പാര്‍ട്ടി എംപിമാര്‍ അവിശ്വാസം അറിയിച്ച് കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഋഷിക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഒന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കൂട്ടാളികള്‍, മോഡറേറ്റ് നേതാക്കളാണ് രണ്ടാമത്തെ വിഭാഗം. ഇരുവരും പ്രധാനമന്ത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ നീക്കം തുടങ്ങിയെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.പ്രധാനമന്ത്രിയെ അട്ടിമറിക്കാന്‍ മോഹിച്ചിരുന്ന എംപിമാര്‍ക്ക് രണ്ട് ഉപതെരഞ്ഞെടുപ്പ് തോല്‍വികളാണ് ആയുധമായി മാറുന്നത്. ടാംവര്‍ത്തിലും, മിഡ് ബെഡ്ഫോര്‍ഡ്ഷയര്‍ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടി അട്ടിമറി വിജയം കൈവരിച്ചതോടെയാണ് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തോല്‍വിയോട് മുഖാമുഖം കാണേണ്ടി വരുമെന്ന് ഋഷി സുനാകിന് മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം വിമതനീക്കം ടോറി പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധിയാണ് സംഭാവന ചെയ്യുക. ഋഷിയെ ഒഴിവാക്കാന്‍ മാത്രമാണ് ഇവരുടെ ഉദ്ദേശമെന്നതിനാല്‍ പകരം ആരെ ഉയര്‍ത്തിക്കാണിക്കുമെന്ന് ഇവര്‍ക്ക് ഉറപ്പില്ല. പ്രധാനമന്ത്രിയെ വീണ്ടും മാറ്റിക്കളിച്ചാല്‍ ബ്രിട്ടനിലെ പൊതുജനങ്ങള്‍ നമ്മളോട് പൊറുക്കില്ലെന്ന് ഈ വിമതരെ ഓര്‍മ്മിപ്പിച്ചതായി ടൈംസിനോട് സംസാരിച്ച ഒരു പാര്‍ലമെന്റ് അംഗം വെളിപ്പെടുത്തി. ഋഷി സുനാകിനെ ഈ ഘട്ടത്തില്‍ ഒഴിവാക്കിയാല്‍ ഇത് തെരഞ്ഞെടുപ്പ് വിജയത്തെ പോലും സ്വാധീനിക്കുമെന്ന് ഈ എംപി ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ തന്റെ ശക്തമായ പ്രതികരണങ്ങള്‍ പാര്‍ട്ടിയിലെ വിമതനീക്കത്തെ ശമിപ്പിക്കുമെന്നാണ് സുനാകിന്റെ പ്രതീക്ഷ. ഇസ്രയേല്‍, സൗദി അറേബ്യ, ഈജിപ്ത് സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി ഇപ്പോഴുള്ളത്. കൂടാതെ ഗാസാ മുനമ്പിലേക്ക് ഈജിപ്ത് വഴി സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സുനാകാണ്. തനിക്ക് എന്ത് നേടാന്‍ കഴിയുമെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.