യുകെയിലെ പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്ന് യുവതിയുടെ പരാതി. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍.
ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരെ അറസ്റ്റ് ചെയ്തു. സിദ്ധാര്‍ഥ് നായര്‍ മലയാളിയാണ്. ജനുവരി 30ന് ചൊവ്വാഴ്ച വൈകിട്ടാണ് ലൈംഗികാക്രമണം ഉണ്ടായതെന്ന് യുവതി ആരോപിച്ചു. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഴ്‌സിസൈഡ് പോലീസാണ് കേസ് കൈകാര്യം ചെയ്യുന്നത്.
ഫെബ്രുവരി ഒന്നിന് വിരാള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സിദ്ധാര്‍ത്ഥിനെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 29ന് വ്യാഴാഴ്ച ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉണ്ട്. സംഭവത്തില്‍ അന്വേഷണങ്ങള്‍ തുടരുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇത് സമഗ്രമായി അന്വേഷിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ആലിസണ്‍ വുഡ്‌സ് പറഞ്ഞു.