കണ്ണൂര്‍: വീടിന് പുറത്തുള്ള ടാപ്പില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വയോധികയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. വാരം ഐ.എം.ടി സ്കൂളിന് സമീപത്തെ വീട്ടില്‍ തനിച്ച് താമസിക്കുന്ന ആയിഷയാണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. വീടിന് പിറകുവശത്തുള്ള പൈപ്പില്‍നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ടാണ് ഇവര്‍ പുറത്തിറങ്ങിയത്. ഉടന്‍ മൂന്നംഗ കവര്‍ച്ച സംഘം ഇവരുടെ സ്വര്‍ണാഭരണം ചെവിയില്‍ നിന്ന് പറിച്ചെടുക്കുകയായിരുന്നു. ആക്രമണത്തില്‍ ചെവിയില്‍ ആഴത്തില്‍ മുറിവേറ്റു. കഴുത്തിലണിഞ്ഞ സ്വര്‍ണമാലയും നഷ്ടമായിട്ടുണ്ട്. അയല്‍വീട്ടുകാര്‍ എത്തുേമ്ബാഴേക്കും കവര്‍ച്ച സംഘം ഓടിരക്ഷപ്പെട്ടു.
ഹിന്ദി സംസാരിക്കുന്നവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. പരിക്കേറ്റ ആയിഷയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
പുറത്തുള്ള ടാപ്പ് തുറന്നിടുന്നതും മറ്റും കവര്‍ച്ച സംഘങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍കരുതലെടുക്കാതെ പുറത്തിറങ്ങുന്നത് അപകടകരമാണ്.
