ഒമാൻ: പ്രവാസികള്‍ക്ക് മുട്ടന്‍ പണി നല്‍കി സ്വദേശിവത്കരണം

ഒട്ടുമിക്ക ഗള്‍ഫ് രാഷ്ട്രങ്ങളും പ്രവാസികള്‍ക്ക് മുട്ടന്‍ പണി നല്‍കി സ്വദേശിവത്കരണം കടുപ്പിക്കുകയാണ്.

സൗദി കുവൈറ്റ് ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ കടുത്ത നിബന്ധനകളുമായി രംഗത്ത് എത്തുമ്ബോള്‍ സ്വദേശികള്‍ക്ക് ഈ വര്‍ഷം 35,000 തൊഴിലുകള്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി വ്യക്തമാക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്.

ഇവര്‍ക്കായി പുതിയ ജോലികള്‍ കണ്ടെത്തി നല്‍കിയും നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് അവരെ ഒഴിവാക്കിയുമാണ് ഇത് സാധ്യമാക്കുകയെന്നും തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് ബിന്‍ അലി ബാവൈന്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ ജോലികള്‍ക്ക് സ്വദേശികളെ പ്രാപ്തരാക്കുന്നതിനായി അവര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം 49,276 സ്വദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ ജോലി കണ്ടെത്തി നല്‍കിയത്. അവരില്‍ 42,609 പേര്‍ ശരിയായ രീതിയിലുള്ള തൊഴില്‍ കരാറുകളുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ എത്തിയത്. എന്നാല്‍, ബാക്കി 6,667 പേര്‍ക്ക് തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ജോലി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ 2021ല്‍ 58,720 പ്രവാസികളാണ് ഒമാനില്‍ നിന്ന് പുറത്തായത് തന്നെ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലൂടെ 9,859 പേര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായതായും അറിയിച്ചു. ഇതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഇഅ്ത്തിമാദ് പദ്ധതിയില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ 247 പരിശീലകരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ഈ വര്‍ഷം തന്നെ 35,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള തീരുമാനം ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യും. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് അവരെ പിരിച്ചുവിട്ട ശേഷമായിരിക്കും ആ ജോലി സ്വദേശികള്‍ക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രവാസി തൊഴിലാളികളെ വിവിധ മേഖലകളില്‍ നിന്ന് പിരിച്ചുവിട്ട ശേഷം പകരം ഒമാനികളെ നിയമിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സ്വദേശികള്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള നീക്കങ്ങള്‍ ഭരണകൂടം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം രൂക്ഷമായ തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ച്‌ ഒമാന്റെ ഏതാനും ഭാഗങ്ങളില്‍ യുവാക്കള്‍ തെരുവിലിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒമാനില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടിവന്നിരിക്കുകയാണ്.

അധ്യാപനം, ഐടി, ടെലകോം, കോടതി ജോലികള്‍ തുടങ്ങിയ മേഖലകളില്‍ ഇതിനകം സ്വദേശിവത്കരണം നടപ്പിലാക്കിക്കഴിഞ്ഞു. ഇതു കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. സ്വകാര്യ മേഖലയില്‍ കെട്ടിട നിര്‍മാണ രംഗത്താണ് മൂന്നിലൊന്ന് ഒമാനി ജീവനക്കാരും പണിയെടുക്കുന്നത്- അര ലക്ഷത്തിലേറെ പേര്‍. ഉത്പാദന മേഖലയില്‍ 32,000, മൈനിംഗ് മേഖലയില്‍ 29,000, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ 20,000, ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് മേഖലകളില്‍ 18,000 എന്നിങ്ങനെയാണ് ഒമാനിലെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണമെന്ന് കഴിഞ്ഞ വര്‍ഷം നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

Next Post

യു.കെ: ഡികാപ്രിയോയും നടാഷ പൂനവാലെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

Mon Feb 28 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയും ( നടാഷ പൂനവാലെയും (Natasha Poonawalla) ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലണ്ടനില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഇവര്‍ ഒന്നിച്ച്‌ സംസാരിക്കുന്ന ചിത്രം എടുത്തത്. പാപ്പരാസികളാണ് ഈ സ്വകാര്യ ചടങ്ങിലെ ചിത്രം എടുത്തത്. ലണ്ടന്‍ (London) ആസ്ഥാനമാക്കി പ്രവര്‍‍ത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ. വില്ലോ പൂനവാലെ ഫൌണ്ടേഷന്‍ സ്ഥാപകയാണ് […]

You May Like

Breaking News

error: Content is protected !!