
ന്യൂ ഡല്‍ഹി : നിങ്ങളുടെ സ്കൂള്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ കാഴ്ചയില്‍ നല്ല വൃത്തിയുള്ളതായിരിക്കും. എന്നാല്‍ അത് ധരിക്കാന്‍ അനുയോജ്യമാണോ?
അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അതായത് പോളിഫ്ലൂറോയോല്‍കില്‍ സബ്സ്റ്റാന്‍സസ് എന്ന പേരിലറിയപ്പെടുന്ന മാരകമായ വിഷമയമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട് ഇതിലെല്ലാം എന്നാണ് പഠനത്തില്‍ പറയുന്നത്. എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ടെക്സ്റ്റയില്‍സ് ഉല്‍പ്പന്നങ്ങളില്‍ പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളിലാണ് ഇത്തരം മാരക കെമിക്കലുകള്‍ പറ്റിപ്പിടിക്കുന്നത്. വടക്കേ അമേരിക്കയില്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ 72 വസ്ത്രങ്ങളുടെ സാംപിളുകളാണ് സംഘം പരിശോധനക്ക് വിധേയമാക്കിയത്.
സ്കൂള്‍ യൂനിഫോമുകള്‍ മാത്രമല്ല, മഴക്കോട്ടുകള്‍, കൈയുറകള്‍, കളിക്കോപ്പുകള്‍, തൊപ്പി, നീന്തല്‍ വസ്ത്രം തുടങ്ങിയവയും പരിശോധന വിധേയമാക്കിയിരുന്നു. പരിശോധിച്ച സാംപിളുകളില്‍ 65ശതമാനത്തിലും ഫ്ലൂറിന്‍ കണ്ടെത്തി. അതില്‍ കൂടുതലും യൂനിഫോമുകളിലാണ്. പ്രത്യേകിച്ച് 100 ശതമാനം കോട്ടണ്‍ ആണെന്ന് അവകാശപ്പെടുന്ന തുണിത്തരങ്ങളില്‍. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതു മൂലം പ്രതിരോധ ശേഷി ദുര്‍ബലമാകുക, ആസ്ത്മ, അമിത വണ്ണം, മസ്തിഷ്ക വളര്‍ച്ചക്ക് പ്രശ്നം എന്നിവയുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. ഈ കെമിക്കലുകള്‍ കുട്ടികളില്‍ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറക്കുമെന്നും പറയുന്നുണ്ട്. ഇതെ കുറിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷണ സംഘം പറയുന്നത്.
