കുവൈത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍ പെട്ടാലുടന്‍ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് മന്ത്രാലയം നിര്‍ദേശിച്ചു.
പന്നിപ്പനി രോഗ ലക്ഷണങ്ങളുമായി നിരവധി പേര് ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും എത്തിയെങ്കിലും ആരുടേയും നില ഗുരുതരമല്ല. നിലവില്‍ ചികിത്സിക്കാനും വ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: അബ്ദുള്ള അല്‍ സനദ് അറിയിച്ചു. ആരോഗ്യമന്ത്രാലയം രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചായിരിക്കും പന്നിപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.