ഒമാന്‍: 52ാം ദേശീയദിനം ആഘോഷങ്ങളില്‍ അലിഞ്ഞ് ഒമാന്‍

മസ്കത്ത്: മൂവര്‍ണ ശോഭയില്‍ രാജ്യം 52ാം ദേശീയദിനം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ കൂടുതല്‍ ആവേശത്തോടെയും പൊലിമയോടെയുമായിരുന്നു ആഘോഷ പരിപാടിയില്‍ ജനങ്ങള്‍ പങ്കുചേര്‍ന്നത്.

ദേശസ്നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറു പ്രഖ്യാപിച്ചും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് അഭിവാദ്യമര്‍പ്പിച്ചും ഗവര്‍ണറേറ്റുകളില്‍ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. വിവിധ വിലായത്തുകളില്‍ സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. ദേശീയപതാകയും സുല്‍ത്താന്‍റെ ചിത്രങ്ങളും വഹിച്ചുള്ള റാലിയില്‍ കുട്ടികളടക്കം നിരവധിപേര്‍ പങ്കാളികളായി.

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന സുല്‍ത്താന് നന്ദി അറിയിച്ചായിരുന്നു റാലികള്‍. സാമൂഹിക, സാംസ്കാരിക പരിപാടികളും നടന്നു. ആഘോഷങ്ങള്‍ക്ക് നിറംപകര്‍ന്ന് ലേസര്‍, ഡ്രോണ്‍ ഷോകളും പട്ടം പറത്തലും നടന്നു. മസ്കത്തിലെ അമിറാത്ത് പാര്‍ക്കിലും സലാലയിലെ സാഹില്‍ ഇത്തീന്‍ പാര്‍ക്കിലുമായിരുന്നു ലേസര്‍, ഡ്രോണ്‍ ഷോകള്‍ അരങ്ങേറിയത്. രാത്രി എട്ടിന് നടന്ന ഷോ കാണാന്‍ കുട്ടികളും സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

സാങ്കേതികവിദ്യയുടെ സഹായത്താല്‍ മിന്നിമറഞ്ഞ വര്‍ണരാജികള്‍ കാണികള്‍ക്ക് നയനവിസ്മയ കാഴ്ചകളാണ് സമ്മാനിച്ചത്. സലാലയിലെ സാഹല്‍ ഇത്തീന്‍ പാര്‍ക്കില്‍ ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെ പട്ടം പറത്തല്‍ അരങ്ങേറി.

ശനിയാഴ്ച മസ്കത്തിലെ അല്‍ഖൂദ് ഡാമിലും മുസന്തം ഗവര്‍ണറേറ്റിലെ കസബിലും ലേസര്‍, ഡ്രോണ്‍ ഷോയും നടക്കും. രാത്രി എട്ടിനാണ് ഷോ. നവംബര്‍ 20, 21 തീയതികളില്‍ സീബ് ബീച്ചിലും അസൈബ ബീച്ചിലും പട്ടംപറത്തല്‍ ഷോ നടക്കും. ഉച്ചക്ക് രണ്ടുമുതല്‍ അഞ്ച് വരെയാണ് ഷോ. 20 ലധികം പേര്‍ പങ്കെടുക്കുന്ന ഷോയിലെ പട്ടങ്ങള്‍ വിവിധ രൂപത്തിലും വര്‍ണത്തിലുമുള്ളതായിരിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതമിന്‍റെ ചിത്രങ്ങളും ഒമാന്‍ പതാകയും പട്ടങ്ങളില്‍ തെളിഞ്ഞുവരും.

പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും വര്‍ണങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. റൂവി, മത്ര, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ, സലാല, സൂര്‍, സുഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദീപങ്ങള്‍ തെളിഞ്ഞു. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ദേശീയദിനാഘോഷം നടന്നു. അന്നം തരുന്ന രാജ്യത്തോട് ഐക്യപ്പെട്ട് പ്രവാസി സമൂഹവും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.

സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. വിവിധ ഇടങ്ങളില്‍ മലയാളി പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടികളും നടത്തി.

Next Post

ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കും കഴിക്കേണ്ട സമയം

Sun Nov 20 , 2022
Share on Facebook Tweet it Pin it Email ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കുമെന്ന് പറഞ്ഞാല്‍ പലരും അതിശയപ്പെട്ടേക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഭക്ഷണ നാരുകള്‍ എന്നിവ ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി വളരെ കുറവാണ്. ശരീര ഭാരം കുറയ്ക്കാന്‍ പല വിധത്തില്‍ കുരുമുളക് ഉപയോഗിക്കാവുന്നതാണ്. അവയില്‍ ചിലത് നോക്കാം. കടയില്‍നിന്ന് ശുദ്ധമായ കുരുമുളക് എണ്ണ വാങ്ങുക. ഒരു തുള്ളി എണ്ണ ഒരു ഗ്ലാസ് […]

You May Like

Breaking News

error: Content is protected !!