
കുവൈത്ത് സിറ്റി: പുതുവത്സരാഘോഷങ്ങള്‍ നിരീക്ഷിക്കുവാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്തിന്റെ പൈതൃകത്തിനും സംസ്‌കാരത്തിനും നിരക്കാത്ത പരിപാടികള്‍ ആഘോഷത്തിന്റെ പേരില്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നു നടത്തപ്പെടുന്ന പാര്‍ട്ടികള്‍, മദ്യ സല്‍ക്കാരങ്ങള്‍ എന്നിവ പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
സമാധാനപൂര്‍ണ്ണമായ സാമുഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വെച്ച്‌പൊറുപ്പിക്കില്ല. ആഘോഷങ്ങളുടെ ഭാഗമായി ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാക്കി പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും നിയമ ലംഘനമാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാട് കടത്തും. സ്വദേശികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തെറ്റായ പ്രവണതകള്‍ ശ്രദ്ധയില്‍പെടുന്നവര്‍ അഭ്യന്തര മന്ത്രാലയത്തിന്‍റെ 112 എന്ന ഹോട്ട്‌ലൈന്‍ നമ്ബറില്‍ വിളിച്ച് അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
