എന്തുകൊണ്ട് ഡയറ്റിങ് പരാജയപ്പെടുന്നു? ഫാഡ് ഡയറ്റുകളില്‍ വീണ് ആരോഗ്യം കളയരുത്

ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികമാനസിക വളര്‍ച്ചയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ഭക്ഷണത്തില്‍നിന്നാണ് ലഭിക്കുന്നത്.

എന്നാല്‍ അമിത ഊര്‍ജദായകമായ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതവണ്ണം ഉണ്ടാകുന്നു. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമ്ബോള്‍ അത് രോഗാവസ്ഥയായി മാറുന്നു.

കാരണങ്ങള്‍

അശാസ്ത്രീയമായ ഭക്ഷണരീതിയാണ് അമിതവണ്ണത്തിനുള്ള മുഖ്യകാരണം. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവാണ് കലോറി. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയാണ് പ്രധാന ഊര്‍ജദായക പോഷകങ്ങള്‍. ഒരു ഗ്രാം അന്നജം, പ്രോട്ടീന്‍ ദഹിക്കുമ്ബോള്‍ 4 കിലോ കലോറി ഊര്‍ജവും ഒരു ഗ്രാം കൊഴുപ്പ് 9 കിലോകലോറി ഊര്‍ജവും ഉത്പാദിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ ഊര്‍ജം ഭക്ഷണത്തിലൂടെ ലഭിക്കുമ്ബോള്‍ ശരീരം ഈ ഊര്‍ജത്തെ കൊഴുപ്പാക്കി ത്വക്കിനടിയിലും കലകളിലും കരളിലുമൊക്കെ സൂക്ഷിക്കുന്നു. അധികമായി ലഭിക്കുന്ന ഓരോ 9 കിലോകലോറിയും ഒരു ഗ്രാം കൊഴുപ്പായി മാറുന്നു. കാലക്രമേണ അമിതവണ്ണമായി മാറുന്നു.

ചില രോഗാവസ്ഥകള്‍, ഹോര്‍മോണ്‍ തകരാറുകള്‍, ജനിതക കാരണങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയും അമിതവണ്ണം ഉണ്ടാകാം. ഇവരില്‍ ഭക്ഷണനിയന്ത്രണത്തോടൊപ്പം കൃത്യമായ ചികിത്സയും ആവശ്യമാണ്.

വ്യായാമം തീരേ കുറഞ്ഞ ജീവിതശൈലി.

എങ്ങനെ നിയന്ത്രിക്കാം ?

ഭക്ഷണത്തില്‍നിന്ന് ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് നിയന്ത്രിക്കുക (ഡയറ്റിങ്), ഒപ്പം ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തിന്റെ ശരിയായ ഉപയോഗം (വ്യായാമം) എന്നിവയാണ് അമിതവണ്ണം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍.

ചിലരില്‍ ബാരിയാട്രിക് സര്‍ജറിയിലൂടെയും കൊഴുപ്പ് നീക്കാറുണ്ട്.

എന്താണ് ശരിയായ ഡയറ്റിങ് ?

ഡയറ്റിങ് എന്നാല്‍ ജീവിതശൈലിയില്‍ വരുത്തേണ്ട നല്ല മാറ്റമാണ്. ശരിയായ ഭക്ഷണക്രമീകരണം എന്നാല്‍ എല്ലാ അവശ്യ പോഷണങ്ങളും ഉള്‍ക്കൊള്ളിച്ച്‌ നമുക്ക് ആവശ്യമായ അളവില്‍ ഭക്ഷണശീലത്തെ പരിഷ്‌കരിക്കുക എന്നതാണ്. വീടുകളില്‍നിന്ന് അവ തുടങ്ങണം.
സമീകൃതാഹാരമാണ് എപ്പോഴും കഴിക്കേണ്ടത്. ജലാംശവും നാരുകളും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഏതെങ്കിലും ഒരു പോഷകം ഒഴിവാക്കുകയോ മറ്റൊന്ന് അമിതമായി ഉള്‍പ്പെടുത്തുകയോ ചെയ്യുന്ന രീതി അഭികാമ്യമല്ല.

ഡയറ്റിങ് എന്നാല്‍ ഇഷ്ടഭക്ഷണം ഒഴിവാക്കലല്ല. ഭക്ഷണത്തിന്റെ അളവ്, ഗുണനിലവാരം, പാചകരീതി, കഴിക്കുന്ന സമയം, വിഭവങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം പ്രധാനപ്പെട്ട ഘടകങ്ങളാണ്.

എന്റെ പാത്രം

എന്റെ പാത്രം മാതൃക പിന്തുടരുന്നത് ജീവിതശൈലീരോഗങ്ങള്‍ തടയാനും നിയന്ത്രിക്കാനും വളരെ ഫലപ്രദമായ മാര്‍ഗമാണ്. ഒന്‍പത് ഇഞ്ച് വട്ടപ്പാത്രം നാലായി ഭാഗിച്ച്‌ ഒരു ഭാഗത്ത് അന്നജസ്രോതസ്സുകളായ ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളും ഒരു ഭാഗത്ത് പ്രോട്ടീന്‍ സ്രോതസ്സും ബാക്കി പകുതിഭാഗത്ത് പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപയോഗം കൂടുതലാക്കാന്‍ വേണ്ടി ഏകീകരിച്ച ഒരു മാര്‍ഗമാണ് ഇത്. ഇത്തരത്തില്‍ അന്നജത്തിന്റെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കാനും അതുവഴി അമിത കലോറി ഭക്ഷിക്കുന്നത് തടയാനും സാധിക്കുന്നു.

വിശപ്പ് ശാരീരികമോ മാനസികമോ?

ഒരുനേരം ഭക്ഷണംകഴിച്ച്‌ 3-4 മണിക്കൂറിനുശേഷം സ്വാഭാവികമായി ഭക്ഷണം വേണമെന്ന് തോന്നുന്നതാണ് ശാരീരിക വിശപ്പ് (Physical hunger). ഇത്തരത്തില്‍ വിശപ്പ് തോന്നുമ്ബോള്‍ ഭക്ഷണം കഴിക്കുന്നതോടുകൂടി വിശപ്പടങ്ങുന്നു. വളരെ പതുക്കെയാണ് വിശപ്പ് അനുഭവപ്പെടുന്നത്. കുറച്ച്‌ നേരത്തേക്ക് ഭക്ഷണംകഴിക്കുന്നത് മാറ്റിവെയ്ക്കാനും സാധിക്കും.

എന്നാല്‍ വൈകാരിക വിശപ്പിന്റെ (Emotional Hunger) പ്രത്യേകത, ഏതെങ്കിലും പ്രത്യേക ഭക്ഷണത്തിനായി വിശക്കുക എന്നതാണ്. ആ ഭക്ഷണം കഴിക്കുന്നതുവരെ തൃപ്തി തോന്നുകയില്ല. വളരെയധികം മാനസികപിരിമുറുക്കം അനുഭവപ്പെടുന്നു. ഒട്ടും ക്ഷമയില്ലാതെ അതിനെക്കുറിച്ചുമാത്രം ചിന്തിക്കുന്നു. കഴിക്കുമ്ബോള്‍ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കഴിച്ചതിനുശേഷം കുറ്റബോധം അനുഭവിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ താത്പര്യമുള്ള മറ്റെന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതരാവാന്‍ ശ്രമിക്കണം. സാലഡ് കഴിച്ച്‌ വയര്‍ നിറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും ഈ അവസ്ഥ മറികടക്കാന്‍ ഒരു പരിധിവരെ സഹായിക്കും.
ഒറ്റയ്ക്ക് താമസിക്കുന്നവരില്‍ ഇമോഷണല്‍ ഹംഗര്‍ വളരെ കൂടുതലായി കാണാറുണ്ട്. സ്വയം സന്തോഷവാന്മാരായി ഇരിക്കുക ഈ സന്ദര്‍ഭത്തില്‍ വളരെ പ്രധാനമാണ്.

ശ്രദ്ധിക്കാന്‍ 10 കാര്യങ്ങള്‍

മധുരപലഹാരങ്ങള്‍ എല്ലാം ഉയര്‍ന്ന ഊര്‍ജം നല്‍കുന്ന ഭക്ഷ്യ വസ്തുക്കളാണ്. ഇവയിലെ പഞ്ചസാര, ഹൈ ഫ്രക്ടോസ് കോണ്‍സിറപ്പ്, നെയ്യ്, ബട്ടര്‍, വനസ്പതി, സംസ്‌കരിച്ച ധാന്യപ്പൊടി എന്നിവയെല്ലാം ഊര്‍ജം മാത്രം (മറ്റ് പോഷകങ്ങള്‍ ഇല്ല)നല്‍കുന്നവയാണ്. കുറഞ്ഞ അളവില്‍പോലും കൂടുതല്‍ കലോറി ഇവയില്‍നിന്ന് ലഭിക്കുന്നു. ഉദാ: 50 ഗ്രാമുള്ള ഒരു ലഡു ഏകദേശം 180-200 കിലോകലോറി നല്‍കും. അമിതമധുരം വയറിനുചുറ്റും കൂടുതല്‍ കൊഴുപ്പടിയുന്നതിനും ഹോര്‍മോണ്‍ തകരാറുകള്‍ക്കും കാണമാകാം. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മധുരപലഹാരങ്ങള്‍ ഒഴിവാക്കണം.

ഊര്‍ജവും അമിതവണ്ണവും

ഉര്‍ജത്തില്‍ കുറവ് വരുകയും ഒപ്പം വ്യായാമത്തിലൂടെ കൊഴുപ്പ് ചെലവഴിക്കുകയും ചെയ്യുമ്ബോഴാണ് അമിതവണ്ണം കുറഞ്ഞ് തുടങ്ങുന്നത്. ഒരു കിലോഗ്രാം കൊഴുപ്പ് കുറയാന്‍ ഏകദേശം 7000-8000 കിലോകലോറി ഊര്‍ജം നഷ്ടപ്പെടേണ്ടതുണ്ട്. തുടക്കത്തില്‍ ആഴ്ചയില്‍ അരക്കിലോ തൂക്കം കുറയുന്ന രീതിയിലുള്ള ഡയറ്റ് പ്ലാന്‍ ആണ് നല്ലത്. ശരീരത്തിന് പൊരുത്തപ്പെടാനും തുടരാനും ഇത് സഹായിക്കും.

എന്തുകൊണ്ട് ഡയറ്റിങ് പരാജയപ്പെടുന്നു?

അളവ് നിയന്ത്രിക്കുന്നതിനൊപ്പം പ്രധാനമാണ് പോഷകസമൃദ്ധമായ ഭക്ഷണംകഴിക്കുക എന്നതും. അതിന് ശരിയായ പോഷകമൂല്യമുള്ളവ തിരഞ്ഞെടുക്കണം. ഉദാ: ധാന്യങ്ങള്‍, പഞ്ചസാര, കിഴങ്ങുവര്‍ഗങ്ങള്‍, ഭക്ഷ്യനാരുകള്‍ എന്നിവയെല്ലാം അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ്. പഞ്ചസാരയും സ്റ്റാര്‍ച്ചും അമിതവണ്ണത്തിന് കാരണമാകുമ്ബോള്‍ ഭക്ഷ്യനാരുകള്‍ അമിതവണ്ണം തടയുന്നു.

ധാന്യങ്ങള്‍: ധാന്യങ്ങള്‍ അവയുടെ യഥാര്‍ഥ രൂപത്തില്‍ ഭക്ഷ്യനാരുകളാല്‍ സമ്ബുഷ്ടമാണ്. എന്നാല്‍ സംസ്‌കരിച്ച ധാന്യങ്ങള്‍/ ധാന്യപ്പൊടികള്‍ തവിട് നഷ്ടപ്പെട്ട് അന്നജത്തിന്റെ സ്രോതസ്സ് മാത്രമായി മാറുന്നു (വെള്ള അരി, മൈദ തുടങ്ങിയ). ഇവയോടൊപ്പം എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പലഹാരങ്ങള്‍ ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്നു. മുഴുധാന്യങ്ങളില്‍ ഇരുമ്ബ്, വിറ്റാമിന്‍സി, ഇ എന്നിവയും മഗ്‌നീഷ്യം, സിങ്ക്, സെലീനിയം തുടങ്ങിയവയും ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. മാത്രമല്ല, തവിട് ഭക്ഷ്യനാരുകളുടെ കലവറയാണ്. അവ കൊഴുപ്പടിയുന്നത് തടയുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
വണ്ണം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാന്യങ്ങള്‍ ഇപ്പോള്‍ കഴിക്കുന്ന അളവിന്റെ പകുതിയായി കുറയ്ക്കുക. തവിടുള്ള ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക.

കുറഞ്ഞ അളവില്‍ (ചോറിന് പകരം) കപ്പ ഉള്‍പ്പെടുത്താം. എന്നാല്‍ ഇതോടൊപ്പം ധാരാളം പച്ചക്കറികള്‍ കഴിക്കണം.

പ്രോട്ടീന്‍: പ്രോട്ടീന്‍ പ്രധാനമായും മത്സ്യമാംസാദികളില്‍ നിന്നും പയര്‍, പരിപ്പ് വര്‍ഗങ്ങളില്‍നിന്നും ലഭിക്കുന്നു. പ്രോട്ടീന്‍ കഴിക്കുമ്ബോള്‍ വയറ് നിറയുന്നതായി തോന്നുന്നു. മാത്രമല്ല, പെട്ടെന്ന് വിശക്കുകയുമില്ല. പ്രധാന ഭക്ഷണത്തോടൊപ്പം എപ്പോഴും പ്രോട്ടീന്‍ ഉണ്ടായിരിക്കണം. മുട്ടയുടെ വെള്ള, ചെറുമത്സ്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, പാട നീക്കിയ പാല്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ഇറച്ചി, മീന്‍ എന്നിവ എണ്ണയില്‍ പൊരിക്കുന്നത് ഒഴിവാക്കുക. അന്നജം അടങ്ങിയ ഭക്ഷ്യസാധനങ്ങളും പ്രോട്ടീന്‍ അടങ്ങിയവയും ഒരേ അളവില്‍ കഴിക്കാന്‍ ശ്രമിക്കുക.

കൊഴുപ്പ്: വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ ശരീരത്തിന് ആഗിരണംചെയ്യാന്‍ നല്ല കൊഴുപ്പ് ആവശ്യമാണ്. എന്നാല്‍ അമിതമായി ചൂടാകുന്ന എണ്ണയാണ് പലപ്പോഴും വില്ലന്‍. ഏത് എണ്ണയാണ് നല്ലത് എന്നത് ഇപ്പോഴും തര്‍ക്കംനടക്കുന്ന വിഷയമാണ്. എന്നാല്‍ ഒരുദിവസം മൂന്ന് ടീസ്പൂണ്‍ എണ്ണയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. വിവിധതരം എണ്ണകള്‍ മാറിമാറി ഉപയോഗിക്കുന്നതാണ് നല്ലത്.

അമിതവണ്ണമുള്ളവര്‍ എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, മെഴുക്കുപുരട്ടി എന്നിവ ഒഴിവാക്കണം. കറികളില്‍ കടുകു വറുക്കുന്നത് ഒഴിവാക്കുന്നതുവഴിയും എണ്ണയുടെ ഉപയോഗം നിയന്ത്രിക്കാം. അച്ചാര്‍, പപ്പടം എന്നിവ ഒഴിവാക്കുന്നതുവഴി എണ്ണയും ഉപ്പും നിയന്ത്രിക്കാന്‍ സാധിക്കും.

ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. എണ്ണ പലഹാരങ്ങള്‍ ടിഷ്യു പേപ്പറില്‍ തുടച്ചുപയോഗിക്കുന്നതും ഉത്തമമല്ല.
ഗുണനിലവാരമുള്ള നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുക.

എണ്ണ എപ്പോഴും സ്പൂണില്‍ അളന്ന് മാത്രം എടുക്കുക.

പഴങ്ങളും പച്ചക്കറികളും: ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് അമിതവണ്ണം കുറയ്ക്കാനുള്ള സൂപ്പര്‍ ഫുഡ്. കഴിവതും നാടന്‍ പച്ചക്കറികളും കാലാനുസൃതമായി ലഭിക്കുന്ന പഴങ്ങളും ഉള്‍പ്പെടുത്തണം. ചീരയില, മുരിങ്ങയില, വാഴപ്പിണ്ടി, വാഴക്കൂമ്ബ്, പപ്പായ, വെണ്ടയ്ക്ക, അമരയ്ക്ക പോലെയുള്ളവ ധാരാളം കഴിക്കുക.

പഴച്ചാറുകള്‍ ഒഴിവാക്കി മുഴുവന്‍ പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ പച്ചക്കറികളും പഴങ്ങളും മാത്രംകഴിച്ച്‌ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നത് അശാസ്ത്രീയമാണ്. ഏതെങ്കിലും ഒരുനേരം അമിതമായി ഭക്ഷണംകഴിച്ചിട്ട് അടുത്തനേരം പഴങ്ങള്‍/പച്ചക്കറികള്‍ മാത്രമാക്കുന്ന രീതിയും ഉപേക്ഷിക്കണം. സാലഡ് എന്നത് എന്നും കഴിക്കുന്ന വിഭവമായി മാറ്റുക. ഭക്ഷണത്തോടൊപ്പം സാലഡ് കഴിക്കുമ്ബോള്‍ വയറ് നിറയുകയും അമിതഭക്ഷണം കഴിക്കാന്‍ സാധിക്കാതെവരുകയും ചെയ്യുന്നു. പച്ചക്കറികള്‍, പഴങ്ങള്‍, മുളപ്പിച്ച പയര്‍, ഒരുപിടി നട്ട്‌സ്, വേവിച്ച മുട്ടവെള്ള, വേവിച്ച ഇറച്ചി എന്നിവ ചേര്‍ത്ത് വൈവിധ്യമാര്‍ന്ന സാലഡ് ശീലിക്കുക.

നട്ട്‌സും സീഡ്‌സും: പ്രോട്ടീന്‍, നല്ല കൊഴുപ്പ്, ഭക്ഷ്യനാരുകള്‍, വിറ്റാമിന്‍സി, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം, കാത്സ്യം എന്നിവയുടെ കലവറയാണ് നട്ട്‌സും സീഡ്‌സും. കപ്പലണ്ടി, ബദാം, പിസ്ത, കശുവണ്ടി എന്നിവ സ്‌നാക്‌സ് ആയോ സാലഡില്‍ ചേര്‍ത്തോ കഴിക്കാം. പലതരം കായകള്‍ റോസ്റ്റ്‌ചെയ്ത് സ്‌നാക്‌സ് ആയി കഴിക്കുന്നത് വിശപ്പകറ്റാനും മിതമായ ഊര്‍ജം ലഭിക്കാനും സഹായിക്കും. ഒരു ദിവസം 10ഗ്രാം നട്ട്‌സ് കഴിക്കുന്നത് എച്ച്‌.ഡി.എല്‍ നില കൂട്ടാന്‍ സഹായിക്കുന്നു. എന്നാല്‍ അമിതമായി കഴിക്കുന്നതും എണ്ണയും ഉപ്പും ചേര്‍ത്ത് വറുത്തുകഴിക്കുന്നതും അമിതവണ്ണത്തിന് മാത്രമല്ല, കൊളസ്‌ട്രോള്‍ നില (LDL) കൂട്ടാനും കാരണമാകാം.

ചെറുതിനകള്‍: അന്നജത്തിന്റെ അളവ് താരതമ്യേന കുറഞ്ഞ തിനകള്‍ (കൂവരക്, പഞ്ഞപ്പുല്ല്, വരഗ്, ചാമ, ബാര്‍ലി, കോണ്‍) എന്നിവ അമിതവണ്ണം കുറയ്ക്കാന്‍ ഉത്തമമാണ്. ഇവ ചോറോ, ഉപ്പുമാവോ ആയി കഴിക്കുകയോ തവിടോടുകൂടി പൊടിച്ച്‌ മാവില്‍ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. ഇരുമ്ബ്, കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് ചെറുതിനകള്‍.
പ്രോബയോടിക്‌സ്: ഭക്ഷണത്തിലൂടെ ലഭിക്കുന്ന നല്ല സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്‌സ്. ഇവ ഊര്‍ജത്തിന്റെ ആഗിരണം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദിവസം ഒരു കപ്പ് തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

Next Post

യു.കെ: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പഴം-പച്ചക്കറികള്‍ക്ക് വന്‍ ക്ഷാമം

Tue Feb 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യൂറോപ്പിലെയും ആഫ്രിക്കയിലെയും മോശം കാലാവസ്ഥ തക്കാളിയുള്‍പ്പെടെയുള്ള പഴം പച്ചക്കറിവര്‍ഗ്ഗങ്ങളുടെ ക്ഷാമത്തില്‍ വലഞ്ഞ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. ”മോശമായ കാലാവസ്ഥ” വിളവെടുപ്പിനെ ബാധിച്ചതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പറഞ്ഞു. മാര്‍ക്കറ്റുകളിലെ കാലിയായ ഷെല്‍ഫുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ തക്കാളിയുടെ വിപണിയിലെ കുറവ് വന്‍ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.യുകെയില്‍ ശൈത്യകാലത്ത് ലഭിക്കുന്ന തക്കാളിയുടെ വലിയൊരു ഭാഗം […]

You May Like

Breaking News

error: Content is protected !!