മഞ്ഞപ്പിത്തം രോഗമല്ല, രോഗലക്ഷണമാണ്

ശരീരത്തില്‍ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുമ്ബോഴാണ് മഞ്ഞപ്പിത്തം എന്ന അവസ്ഥ തിരിച്ചറിയുന്നത്. രക്തത്തിലെ ബിലിറൂബിന്റെ അളവ് മൂന്നില്‍ കൂടുതലായാല്‍ മഞ്ഞപ്പിത്തം പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും.

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ കണ്ണ്, മറ്റ് ശരീര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിറവ്യത്യാസം അനുഭവപ്പെടുന്നതിന് കാരണവും രക്തത്തിലെ ബിലിറൂബിനാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ 5 വൈറസുകളാണ് മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, രോഗകാരണമാകുന്ന വൈറസിന്റെ അടിസ്ഥാനത്തില്‍ രോഗാവസ്ഥയിലും വ്യത്യാസങ്ങളുണ്ടാകും. മാത്രമല്ല, ശരീരത്തെ ബാധിച്ച മറ്റുചില രോഗാവസ്ഥകളുടെ ഭാഗമായും മഞ്ഞപ്പിത്തം അനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ രോഗകാരണം അറിഞ്ഞ് മുന്നോട്ടുപോകുക എന്നത് പ്രധാനമാണ്.

അക്യൂട്ട് ഹെപ്പറ്റൈറ്റിസ് -വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കരളിന് വീക്കം സംഭവിക്കുന്ന അവസ്ഥയാണിത്. ആഴ്ചകള്‍ക്കുള്ളില്‍ ഇത് പ്രകടമാകാം. ഭക്ഷണം, വെള്ളം എന്നിവവഴി ശരീരത്തെ ബാധിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് A, E വിഭാഗത്തിലാണ് ഇതുള്‍പ്പെടുന്നത്. ഇഞ്ചക്ഷൻ പോലുള്ളവ വഴി രക്തത്തിലൂടെ ശരീരത്തിലെത്തുന്ന ഹെപ്പറ്റൈറ്റിസ് B, C, D എന്നിവയും കണ്ടുവരാറുണ്ട്.

അമിതമായ മദ്യപാനം, ചില മരുന്നുകളുടെ അമിതമായ നിരന്തരമായ ഉപയോഗം എന്നിവ കരളിനെ ബാധിക്കാറുണ്ട്. ഇവയും മഞ്ഞപ്പിത്തം ബാധിക്കാൻ കാരണമാകും.

ക്രോണിക് ഹെപ്പറ്റൈറ്റിസ്- ദീര്‍ഘനാള്‍ ശരീരത്തില്‍ വൈറസ് നിലനില്‍ക്കുകയും തുടര്‍ച്ചയായി മഞ്ഞപ്പിത്തം അനുഭവപ്പെടുകയുംചെയ്യുന്ന അവസ്ഥയാണിത്. ഇത് കരളിനെ സാരമായി ബാധിക്കാറുണ്ട്. രോഗകാരികള്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ നിലനില്‍ക്കാൻ സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് B, C എന്നിവ ഉദാഹരണം. അമിത മദ്യപാനം മൂലം ഉണ്ടാകുന്ന ലിവര്‍ സിറോസിസ് എന്ന അവസ്ഥയുടെ ഭാഗമായോ ഹെപ്പറ്റൈറ്റിസ് B, C എന്നിവ ബാധിക്കുന്നതിലൂടെയോ ക്രോണിക് ഹെപ്പറ്റൈറ്റിസ് ശരീരത്തെ ബാധിക്കാം. മരുന്നുകളുടെ ക്രമാതീതമായ ഉപയോഗവും ഇതിന് കാരണമായേക്കാം. ശരീരത്തില്‍ ലിവര്‍ കാൻസര്‍ ഉണ്ടെങ്കിലും മഞ്ഞപ്പിത്തം അനുഭവപ്പെട്ടേക്കാം.

കരളില്‍നിന്ന് പിത്തം ചെറുകുടലിലേക്ക് പോകുന്ന പിത്തവാഹിനി കുഴലുകളില്‍ തടസ്സം സംഭവിക്കുന്നതും മഞ്ഞപ്പിത്തത്തിന് കാരണമാകും. പിത്താശയ കല്ലുകള്‍ അടിയുന്നത് കാരണവും തടസ്സം സംഭവിക്കാം. കൊളാഞ്ചിയോ കാര്‍സനോമ, പാൻക്രിയാറ്റിക് കാൻസര്‍, പെരിയാമ്ബുലറി കാൻസര്‍ തുടങ്ങിയവയും ഇതിന് കാരണമാകാറുണ്ട്.

ഇതിനൊപ്പം ഗില്‍ബര്‍ട്ട് സിൻഡ്രോം എന്ന അവസ്ഥയും ചില ആളുകളില്‍ കണ്ടുവരുന്നു. 100 പേരില്‍ 7-8 ആളുകളില്‍ കണ്ടുവരുന്ന അവസ്ഥയാണിത്. ഇത് രോഗാവസ്ഥയായി കണക്കാക്കേണ്ടതില്ല. ജനനസമയത്തുതന്നെ ശരീരത്തിലെ എൻസൈം അളവില്‍ വ്യത്യാസം വരുന്നതാണ് ഇതിനു കാരണം. ചികിത്സ ആവശ്യമില്ലാത്ത അവസ്ഥയാണിത്.

അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങള്‍

അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധിച്ചവരില്‍ ഭക്ഷണത്തോട് വിരക്തി, ഛര്‍ദില്‍, ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടുക, പനി, വയറിന്റെ വലതുവശത്ത് കടച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം. മൂത്രത്തില്‍ കല്ല് കാരണം പിത്തനാളിയില്‍ തടസ്സം അനുഭവപ്പെടുന്നവരില്‍ മഞ്ഞപ്പിത്തം ബാധിക്കുന്നത് ശരീരത്തില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. കൂടാതെ ശരീരം മെലിയുകയും ചെയ്യും.

രോഗനിര്‍ണയവും ചികിത്സയും

മികച്ച രീതിയില്‍ രോഗം ഭേദമാക്കുന്നതിന് രോഗനിര്‍ണയവും കൃത്യമായ ചികിത്സയും പ്രധാനമാണ്. ലിവര്‍ ഫങ്ഷൻ ടെസ്റ്റ് വഴി രോഗനിര്‍ണയം നടത്താം. ബിലിറൂബിൻ, ആല്‍ബുമിൻ, SGPT എന്നിവ കണ്ടെത്താൻ ഇതുവഴി സാധിക്കും. കൂടാതെ, പ്രോത്രോംബിൻ ടൈം ടെസ്റ്റ് വഴിയും രോഗം കണ്ടെത്താം. കരളിന് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത് അതിവേഗം കണ്ടെത്താൻ ഇത് സഹായകമാകും. പ്രാഥമിക അള്‍ട്രാ സൗണ്ട് പരിശോധനയും ഗുണം ചെയ്യും. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ചികിത്സിച്ച്‌ ഭേദമാക്കുന്നതിന് ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്. ഹെപ്പറ്റൈിസ് എ, ബി, സി, ഇ തുടങ്ങിയവ നിര്‍ണയിക്കുന്നതിനായി നിശ്ചിത രക്ത പരിശോധനകള്‍ വഴി സാധിക്കും.

വിവിധ കാരണങ്ങള്‍ മഞ്ഞപ്പിത്തം ബാധിക്കാനിടയാക്കുന്നു എന്നതിനാല്‍ ചികിത്സയിലും വ്യത്യസ്ത രീതികള്‍ സ്വീകരിക്കേണ്ടതായിവരും. പരിശോധനകളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ചികിത്സ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ധ ചികിത്സസംവിധാനങ്ങളെ ആശ്രയിക്കുകയാണ് ഉചിതം. ഒറ്റമൂലിയെന്നപേരില്‍ അശാസ്ത്രീയ ചികിത്സാ രീതികള്‍ പിന്തുടരുന്നത് വിപരീത ഫലം ചെയ്യും. ഉദാഹരണത്തിന്, രോഗംബാധിച്ച 100 പേരില്‍ 70 ശതമാനം പേര്‍ക്കും ചില ലക്ഷണങ്ങള്‍ കാണിക്കാം. എന്നാല്‍ വലിയ ചികിത്സ ആവശ്യമായിവരാറില്ല.

എന്നാല്‍ 25 ശതമാനം പേര്‍ക്ക് രോഗാവസ്ഥ ഗുരുതരമാകാറുണ്ട്. രക്തം കട്ടപിടിക്കല്‍, SGPT ഉയരുക തുടങ്ങിയ അവസ്ഥയുമുണ്ടാകാറുണ്ട്. അഞ്ചു ശതമാനം പേര്‍ക്ക് വയറിനകത്ത് നീര്, ഓര്‍മക്കുറവ്, രക്തം കട്ടപിടിക്കലിനെ സാരമായി ബാധിക്കുക തുടങ്ങിയവ കണ്ടേക്കാം. ഇത് വളരെ വിരളമായി മാത്രം ബാധിക്കുന്നതാണ്. ഹെപ്പറ്റൈറ്റിസ് E ബാധിക്കുന്നത് സാധാരണ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍, ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ജീവൻപോലും അപകടത്തിലാക്കാൻ ഇത് കാരണമായേക്കാം.

ഭക്ഷണം: അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ പൂര്‍ണമായും മാറ്റിനിര്‍ത്തണം. എന്നാല്‍ ഉപ്പിന്റെ അളവ് കുറക്കണമെന്നത തെറ്റായ ധാരണയാണ്. ശരീരത്തിന് ആവശ്യമായ അളവിലുള്ള ഉപ്പ് ലഭിച്ചില്ലെങ്കില്‍ ഇത് മറ്റ് പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. മദ്യപാനം മൂലം മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍ രോഗാവസ്ഥയില്‍നിന്ന് മുക്തിനേടുന്നതിനായി ചികിത്സയോടൊപ്പം മദ്യപാനം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇവര്‍ ഉയര്‍ന്ന അളവില്‍ കാലറി, പ്രോട്ടീൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

പ്രതിരോധിക്കാം

മഞ്ഞപ്പിത്തം ബാധിക്കാതെ ശരീരത്തെ സംരക്ഷിക്കുക എന്നതിന് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്. ഭക്ഷണം, കുടിവെള്ളം എന്നിവ ഏറ്റവും ശുചിത്വത്തോടെ മാത്രം ഉപയോഗിക്കുക. തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനം രോഗബാധ വര്‍ധിപ്പിക്കും. ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന സമയത്ത് നീഡില്‍ വഴി രോഗം പകരുന്നതിന് സാധ്യതയുണ്ട്. കൂടാതെ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും മഞ്ഞപ്പിത്തത്തിന് വഴിയൊരുക്കും. മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനായി പ്രത്യേക പ്രതിരോധ വാക്‌സിൻ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് A, B എന്നിവ പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കും.

Next Post

യു.കെ: യുകെയിലെ ഇന്ത്യക്കാരോട് പണം ആവശ്യപ്പെട്ട് ഹൈക്കമ്മീഷന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍

Sat Jul 29 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജര്‍, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എന്നിവരോട് പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പേരില്‍ വ്യാജ ഫോണ്‍ വിളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതേ തുടര്‍ന്ന് ഇന്ത്യാക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട ചില ഫോണ്‍ നമ്പറുകള്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്ത് തട്ടിപ്പിനായി ചില സാമൂഹ്യ വിരുദ്ധര്‍ ഉപയോഗിക്കുന്ന […]

You May Like

Breaking News

error: Content is protected !!