യു.കെ: കോഴിക്കോട് നിന്ന് ലണ്ടനിലേക്കൊരു സൈക്കിള്‍ യാത്ര

ലണ്ടന്‍: ഒരു സൈക്കിള്‍ ചവിട്ടി എത്രദൂരം പോകാം… ചോദ്യം ഫായിസ് അഷ്‌റഫ് അലിയോടാണെങ്കില്‍ ഉത്തരമൊന്നേയുള്ളൂ… അതിരുകളില്ലാതെ പോകാം. ഒരുവര്‍ഷത്തിലേറെയായി സൈക്കിള്‍ ചവിട്ടി ഫായിസ് അഷ്റഫ് അലി 19 രാജ്യങ്ങള്‍ പിന്നിട്ടു. കോഴിക്കോട് തലക്കുളത്തൂരുകാരനായ ഫായിസ് തിങ്കളാഴ്ച 20-ാം രാജ്യമായ ഓസ്ട്രിയയിലേക്കെത്തും. 35 രാജ്യങ്ങള്‍ പിന്നിട്ട് ലണ്ടനിലേക്കെത്താനുള്ള യാത്രയുടെ വലിയൊരു ഭാഗവും പൂര്‍ത്തിയായി. 2022 ഓഗസ്റ്റ് 15-നാണ് ഫായിസ് തന്റെ സ്വപ്നദൂരത്തിലേക്ക് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയത്. രണ്ടു വന്‍കരകള്‍, 35 രാജ്യങ്ങള്‍, 30,000 കിലോമീറ്റര്‍. യാത്ര പുറപ്പെടുമ്പോള്‍ മനസ്സിലുറപ്പിച്ച ലക്ഷ്യവുമായി നീങ്ങുമ്പോള്‍ അതിന്റെ സന്തോഷത്തിലാണ് ഫായിസ്. പല നാടുകള്‍, ജനങ്ങള്‍, അവരുടെ സ്നേഹം, സംസ്‌കാരം എല്ലാം അനുഭവിച്ചതിന്റെ ആഹ്ലാദമുണ്ട് ഇപ്പോള്‍ സ്ലോവാക്യയിലുള്ള ഫായിസിന്റെ വാക്കുകളില്‍.

ഓരോയിടത്തും സത്രങ്ങളിലും പെട്രോള്‍പമ്പിലും ബീച്ചിലും ആരാധനാലയങ്ങളിലുമെല്ലാമാണ് താമസം. അതാതിടത്തെ ആഘോഷങ്ങളില്‍ പങ്കുചേരല്‍, വീട്ടിലെ ഒരംഗത്തിനെപ്പോലെ കണ്ട് അന്നമൂട്ടിയവര്‍… എല്ലാം യാത്രയിലെ ഓര്‍മകളാണ്. ”ഇറാനില്‍നിന്ന് പഴ്‌സ് നഷ്ടമായി. കൈയില്‍ നയാപ്പൈസയില്ല. പണമില്ലെന്നറിഞ്ഞപ്പോള്‍ ഭക്ഷണം വാങ്ങിനല്‍കാന്‍ ഒരുപാടുപേരുണ്ടായി. നാലഞ്ചുദിവസം അങ്ങനെ പലരുടെയും സഹായംകൊണ്ടുമാത്രമാണ് മുന്നോട്ടുപോയത്” -ഫായിസ് പറഞ്ഞു. അതുപോലെ ക്രൊയേഷ്യയിലെത്തിയപ്പോള്‍ ഒരാളോട് വഴിചോദിച്ചു. യാത്രയുടെ വിവരങ്ങളറിഞ്ഞപ്പോള്‍ കുറച്ചേറെ സമ്മാനങ്ങളും നല്‍കി. ഒടുവിലാണ് അവര്‍ അവിടത്തെ മേയറായിരുന്നുവെന്ന് മനസ്സിലായതെന്ന് ഫായിസ് പറയുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ സമയത്ത് ബുദാപെസ്റ്റില്‍വെച്ച് ജാവലിന്‍ ചാമ്പ്യന്‍ നീരജ് ചോപ്രയെ കണ്ടതും മനോഹരമായ നിമിഷമാണെന്ന് ഫായിസ് പറഞ്ഞു.

ഇന്ത്യക്കാരനായതിനാല്‍ താത്പര്യമില്ലാതെ കണ്ടവരുമുണ്ട്. അര്‍മേനിയ, ജോര്‍ജിയ പോലുള്ള സ്ഥലങ്ങളില്‍ പൊതുവേ ഇന്ത്യക്കാരോട് അത്തരത്തിലാണ് പെരുമാറ്റം.

പക്ഷേ, യൂറോപ്പിലെത്തിയപ്പോള്‍ സൈക്കിളിലെത്തിയ യാത്രക്കാരനെ സ്നേഹത്തോടെ സ്വീകരിച്ചെന്നും ഫായിസ് പറഞ്ഞു. തുര്‍ക്കി കപ്‌ഡോഷ്യയില്‍വെച്ച് ഹോട്ട് ബലൂണില്‍ പറന്നു. താഴ്വരയ്ക്കു മുകളിലൂടെയുള്ള ആ യാത്രയും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടതാണെന്ന് ഫായിസ് പറഞ്ഞു. ചൂടും തണുപ്പുമെല്ലാം മാറിമാറിയുള്ള പല കാലാവസ്ഥകളിലൂടെയാണ് യാത്ര. അടുത്തദിവസങ്ങളില്‍ മൈനസ് ഡിഗ്രിയിലേക്കു മാറും. അതെല്ലാം അതിജീവിച്ചുള്ള യാത്ര ഓസ്ട്രിയയിലെത്തുമ്പോള്‍ ഫായിസിനെ കാത്തിരിക്കുന്നത് ഓണസദ്യയാണ്. സെപ്റ്റംബര്‍ ഒന്‍പതിനാണ് അവിടെ മലയാളികളുടെ ഓണാഘോഷം. എന്‍ജിനിയര്‍ ജോലി വിട്ട് യാത്രയ്ക്കൊരുങ്ങിയപ്പോള്‍ ഭാര്യ അസ്മിന്‍ ഫായിസും മക്കളായ ഫഹ്‌സിന്‍ ഒമറും അയ്‌സിന്‍ നഹേലും നല്‍കിയ പിന്തുണയാണ് ഫായിസിന്റെ ഊര്‍ജം. അടുത്തവര്‍ഷമാണ് സ്വപ്നയാത്ര ലക്ഷ്യസ്ഥാനമായ ലണ്ടനിലെത്തുക. അതിനുമുമ്പേ ഒക്ടോബറില്‍ വിസ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തും.

Next Post

ഒമാന്‍: കേരളത്തിലേക്ക് സര്‍വീസുമായി ഒമാന്‍ വിമാനക്കമ്പനികള്‍

Tue Sep 5 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: കേരളത്തിലേക്ക് രണ്ട് വിമാനക്കമ്ബനികള്‍ കൂടി പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാന്‍ വിമാനക്കമ്ബനികളായ ഒമാന്‍ എയറും സലാം എയറുമാണ് സര്‍വീസുകള്‍ നടത്തുക. ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും സലാം എയര്‍ കോഴിക്കോട്ടേക്കുമാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ഒക്ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ ആദ്യ വാരം മസ്‌കറ്റ്-തിരുവനന്തപുരം റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. നേരിട്ടുള്ള സര്‍വീസ് […]

You May Like

Breaking News

error: Content is protected !!