
കുവൈത്ത് സിറ്റി: വിവിധ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു.
ഗതാഗത നിയമലംഘനങ്ങളും ഇതില്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ പിടികൂടിയ 18,000ത്തിലേറെ പ്രവാസികളെയാണ് മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യത്ത് നിന്ന് നാടുകടത്തിയത്.
ഗുരുതര ഗതാഗത നിയമലംഘനം കണ്ടെത്തിയതോടെയാണ് 18,486 പേരെ ആറ് മാസത്തിനിടെ നാടുകടത്തിയതെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ എട്ടു മാസത്തിനിടെ 26 ലക്ഷം പേര്‍ നിയമം ലംഘിച്ചു. ഇതില്‍ 19.5 ലക്ഷം പരോക്ഷ നിയമലംഘനങ്ങള്‍ ആയിരുന്നെന്ന് ഗതാഗത ബോധവത്കരണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ നവാഫ് അല്‍ ഹയ്യാന്‍ പറഞ്ഞു. അമിതവേഗം, റെഡ് സിഗ്നല്‍ ക്രോസ് ചെയ്ത് പോകുക, റേസിങ്, ലൈസന്‍സില്ലാതെ വാഹനമോടിക്കുക എന്നിവ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍പ്പെടുന്നു.
അതേസമയം ഗതാഗത നിയന്ത്രണത്തിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാനുമായി എല്ലാ ഗവര്‍ണറേറ്റുകളിലും കൂടുതല്‍ സുരക്ഷാസേനകളെ വിന്യസിച്ച് പരിശോധന ശക്തമാക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇന്‍ഷുറന്‍സ് എടുക്കാതെയും പുതുക്കാതെയും റോഡിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.