ഒമാന്‍: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇനി ശുഭയാത്ര

മസ്കത്ത്: ഒമാനിലേക്കു വരുന്നവർക്ക് യാത്ര സുഗമമാക്കാനായി പൊലീസിന്‍റെ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്‍റ് ഗൈഡ് പുറത്തിറക്കി.

കസ്റ്റംസ് നികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കള്‍, രാജ്യത്തേക്കു കൊണ്ടുവരാൻ പറ്റാത്തതും നിയന്ത്രിതവുമായ വസ്തുക്കളുടെയും ചരക്കുകളുടെയും പട്ടിക ഉള്‍പ്പെടുന്നതാണ് ഗൈഡ്. യാത്ര ചെയ്യുന്നവർക്കു പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അറിയാത്തതിനാല്‍ വിമാനത്താവളങ്ങളിലോ അതിർത്തി ചെക്ക്‌പോസ്റ്റുകളിലോ തുറമുഖങ്ങളിലോ പ്രയാസം നേരിടാറുണ്ട്.

ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത പലപ്പോഴും കനത്ത പിഴയിലേക്കോ മറ്റോ നയിക്കുകയും ചെയ്യും. എന്നാല്‍, ഇതിനു പരിഹാരമായിട്ടാണ് ഒമാൻ കസ്റ്റംസ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

കസ്റ്റംസ് നികുതിയില്‍നിന്ന് ഒഴിവാക്കിയ ഇനങ്ങള്‍

ഫിലിം പ്രൊജക്ടറുകളും അനുബന്ധ ഉപകരണങ്ങളും, വ്യക്തിഗത ഉപയോഗത്തിനായുള്ള വിഡിയോ കാമറകള്‍, പോർട്ടബിള്‍ സംഗീതോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടി.വി, റിസീവറുകള്‍, ബേബി സ്‌ട്രോളറുകള്‍, പ്രത്യേക ആവശ്യങ്ങളുള്ളവർക്കുള്ള കസേരകള്‍, സ്‌ട്രോളറുകള്‍, കമ്ബ്യൂട്ടർ, മൊബൈല്‍ പ്രിൻററുകള്‍, വസ്ത്രങ്ങള്‍, വ്യക്തിഗത വസ്തുക്കള്‍, വ്യക്തിഗത ആവശ്യങ്ങള്‍ക്കായുള്ള ആഭരണങ്ങള്‍, കായിക ഉപകരണങ്ങള്‍, വ്യക്തിഗത ഉപയോഗ മരുന്നുകള്‍.

കസ്റ്റംസ് നികുതിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകള്‍

ലഗേജുകളും സമ്മാനങ്ങളും വ്യക്തിഗത സ്വഭാവമുള്ളതായിരിക്കണം, അതിന്‍റെ മൂല്യം 300 റിയാലില്‍ കവിയാൻ പാടില്ല, ഇത് വാണിജ്യ സ്വഭാവമുള്ളതാവരുത്, അനുവദനീയമായ സിഗരറ്റുകള്‍ 400 എണ്ണത്തില്‍ കവിയരുത്, ലഹരിപാനീയങ്ങള്‍ നാല് ലിറ്ററില്‍ കൂടാൻ പാടില്ല, പോർട്ടബിള്‍ ഇലക്‌ട്രോണിക് സിഗരറ്റുകള്‍ ഒരാള്‍ക്ക് രണ്ടില്‍ കൂടരുത്, യാത്രക്കാരന് കുറഞ്ഞത് 18 വയസ്സു മുണ്ടായിരിക്കണം.

നിയന്ത്രിത സാധനങ്ങള്‍

ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അംഗീകാരം നേടിയശേഷം താഴെപ്പറയുന്ന ഇനങ്ങള്‍ കൊണ്ടുവരാവുന്നതാണ്. സസ്യങ്ങള്‍, ജീവനുള്ള മൃഗങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ ഉല്‍പന്നങ്ങള്‍, ട്രാൻസ്മിറ്ററുകള്‍, വയർലെസ് ഉപകരണങ്ങള്‍, സൗന്ദര്യവർധക വസ്തുക്കളും വ്യക്തിഗത പരിചരണ ഉല്‍പന്നങ്ങളും, റേഡിയോ എയർക്രാഫ്റ്റ് (ഡ്രോണ്‍).

കൊണ്ടുവരാൻ പാടില്ലാത്തവ

ഏകീകൃത കസ്റ്റംസ് നിയമപ്രകാരം ഇറക്കുമതിക്കും കയറ്റുമതിക്കും നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ചരക്കുകളാണ് ഇതില്‍ വരുന്നത്. സ്ഫോടകവസ്തുക്കള്‍, മയക്കുമരുന്നുകളും ലഹരി പദാർഥങ്ങളും, എല്ലാത്തരം ആയുധങ്ങള്‍, സൈനിക തരത്തിലുള്ള വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, റൈഫിളുകള്‍, പിസ്റ്റളുകള്‍, ആയുധങ്ങള്‍ക്കു സമാനമായ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, കുന്തങ്ങളോ വാളുകളോ മറക്കുന്ന സാധനങ്ങള്‍, ആനക്കൊമ്ബ്, ടേസർ (വൈദ്യുതാഘാതം ഏല്‍പ്പിക്കുന്ന ആയുധം), റൈഫിള്‍സ്കോപ്പ്, രാത്രി ബൈനോക്കുലറുകള്‍.

6000 റിയാലുണ്ടെങ്കില്‍ കസ്റ്റംസ് ഡിക്ലറേഷൻ നടത്തണം

മസ്കത്ത്: ഒമാനിലേക്ക് വരുമ്ബോഴോ പുറത്തേക്ക് പോകുമ്ബോഴോ 6000മോ അതില്‍ കൂടുതല്‍ റിയാലോ അല്ലെങ്കില്‍ അതിന് സമാനമായ കറൻസികളോ, ഇതേ മൂല്യത്തില്‍ വരുന്ന ചെക്കുകള്‍, സെക്യൂരിറ്റികള്‍, സ്റ്റോക്കുകള്‍, പേയ്‌മെന്‍റ് ഓർഡറുകള്‍, വിലയേറിയ ലോഹങ്ങള്‍, സ്വർണം, വജ്രങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവയുണ്ടെങ്കില്‍ യാത്രികൻ കസ്റ്റംസ് ഓഫിസറെ അറിയിക്കേണ്ടതാണ്.

www.customs.gov.om എന്ന വെബ്സൈറ്റ് വഴി കസ്റ്റംസ് ഡിക്ലറേഷൻ സമർപ്പിക്കാം. ഇങ്ങനെ സമർപ്പിച്ചിട്ടില്ലെങ്കില്‍ നിയമ നടപടികള്‍ക്കു വിധേയമാകും.

Next Post

കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്‌സ് മീറ്റ്

Sun Jan 28 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്‌സ് മീറ്റ് ഫഹാഹീല്‍ യൂനിറ്റി സെന്‍ററില്‍ നടന്നു. കെ.ഐ.ജി പ്രസിഡന്‍റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ പി.ടി.ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സിജില്‍ ഖാൻ അധ്യക്ഷ പ്രസംഗം നടത്തി. ലീഡർഷിപ് ക്വാളിറ്റി എന്ന വിഷയത്തില്‍ ഡോ. അലിഫ് ഷുക്കൂർ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവർക്കായി […]

You May Like

Breaking News

error: Content is protected !!