യു.എസ്.എ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകര്‍ക്ക്

ന്യൂയോര്‍ക്ക് : സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇതാദ്യമായി രണ്ട് മാധ്യമപ്രവര്‍ത്തകരെ തേടിയെത്തിയപ്പോള്‍ ഈ മേഖല കാലങ്ങളായി നടത്തുന്ന മാനവരാശിക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി.

ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്.

ഫിലിപൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ടേയുടെ ഭരണത്തെ നിശിതമായി വിമര്‍ശിക്കുന്ന മാധ്യമമായ റാപ്പളറിന്റെ സി.ഇ.ഒ ആണ് മരിയ. റഷ്യന്‍ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനും അമിതാധികാരത്തിനുമെതിരെ വസ്തുതാപരമായി സമീപിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ വക്താവാണ് നൊവോയ ഗസെറ്റയെന്ന പത്രത്തിന്റെ തലവനായ ദിമിത്രി. അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ കാലിക പ്രസക്തിയെ അടിവരയിടുന്നതാണ് ഈ പുരസ്‌കാര നിര്‍ണയമെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അധ്യക്ഷ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

നിലനില്‍പിനായി ഭരണകൂടങ്ങള്‍ക്ക് അടിമപ്പെടുന്ന മാധ്യമസ്ഥാപനങ്ങളും പ്രവര്‍ത്തകരും നിരവധിയുള്ള ഇന്നത്തെ സാഹചര്യത്തില്‍ മരിയയുടെയും ദിമിത്രിയുടെയും ശൈലി വേറിട്ട പന്ഥാവൊരുക്കുന്നു.

അമേരിക്കന്‍ വാര്‍ത്താ ചാനലായ സി.എന്‍.എന്നിന്റെ ബ്യൂറോ ചീഫായിരുന്ന മരിയാ റെസ ടൈം പഴ്‌സണ്‍ ഓഫ് ദ ഇയറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തന്റെ വെബ് പോര്‍ട്ടലിന്റെ ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനാത്മക നിലപാടുകള്‍ മൂലം നിരന്തരം നിയമപോരാട്ടങ്ങളിലായിരുന്നു. ജനാധിപത്യത്തില്‍ ഓരോ വ്യക്തിയെയും നാം ജാഗ്രതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ മരിയ 2019ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള എല്ലാം നമ്മുടെ കണ്‍മുന്നില്‍ തുടച്ചു മാറ്റപ്പെടുകയാണെന്നും വസ്തുതകള്‍ കൊണ്ടാണ് അതിനെ നേരിടേണ്ടതെന്നും അവര്‍ പറഞ്ഞു.

1993ല്‍ ദിമിത്രിയുടെ സഹരണത്തോടെയാണ് നൊവോയ ഗസെറ്റ സ്ഥാപിതമാകുന്നത്. 1995 വരെയുള്ള കാലയളവില്‍ ഈ കാലയളവില്‍ പത്രത്തിന്റെ ആറു പ്രതിനിധികളാണ് കൊല്ലപ്പെട്ടത്. നൊവോയ ഗസെറ്റയുടെ വസ്തുതാധിഷ്ഠിതമായ പത്രപ്രവര്‍ത്തനവും തൊഴില്‍പരമായ സമഗ്രതയും മറ്റു മാധ്യമങ്ങളില്‍ നിന്ന് ലഭ്യമല്ലാത്ത റഷ്യന്‍ സമൂഹത്തെ സംബന്ധിച്ച വിവരങ്ങള്‍ക്കുള്ള സ്രോതസാക്കി പത്രത്തെ മാറ്റി. മൂല്യാധിഷ്ഠിതമായ തൊഴില്‍ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി എന്തിനെ കുറിച്ചും എഴുതാനുള്ള പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരമായി പോരാടിയ വ്യക്തിയാണ് ദിമിത്രിയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

Next Post

അര്‍ഹതയുള്ള എല്ലാവര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കും - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Fri Oct 8 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകളുടെ അഭാവം മൂലം ചില കോവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കോവിഡ് മരണങ്ങള്‍ കണ്ടെത്തിയതായും വീണാ ജോര്‍ജ് അറിയിച്ചു. ഒക്ടോബര്‍ പത്ത് മുതലാണ് കോവിഡ് നഷ്ടപരിഹാരത്തിന് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുക. അതിന് മുന്‍പ് ഈ ഏഴായിരത്തോളം പേരുടെ പട്ടിക […]

You May Like

Breaking News

error: Content is protected !!