യു.കെ: ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വർണക്കടുവ ലേലത്തിന് വച്ച് ബ്രിട്ടീഷ് സർക്കാർ,​ ലേലത്തിന് വച്ചത് എട്ടു സ്വർണക്കടുവകളിലൊന്ന്

ലണ്ടന്‍ : ടിപ്പു സുല്‍ത്താന്റെ സുവര്‍ണ സിംഹാസനത്തിലെ താഴികക്കുടം ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് 1.5 മില്യണ്‍ പൗണ്ടിന് ഏകദേശം 15 കോടി രൂപയ്ക്ക് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്. യു.കെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14,98,64,994 രൂപ രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അതേ സമയം ലേലത്തില്‍ ഇന്ത്യക്കാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയൂ എന്നാണ് ലേല വിവരങ്ങള്‍ പ്രഖ്യാപിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

ടിപ്പു സുല്‍ത്താന്റെ (1782-1799) ആസ്ഥാനമായിരുന്ന ശ്രീരംഗപട്ടണം പിടിച്ചശേഷം, ഈസ്റ്റ് ഇന്ത്യ കമ്ബനി അദ്ദേഹത്തിന്റെ സുവര്‍ണ സിംഹാസനം പൊളിച്ചു കടത്തിയെന്നാണു ചരിത്രരേഖ. ബ്രിട്ടിഷ് രാജാവിനു സിംഹാസനം സമ്മാനിക്കണമെന്ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ലി പ്രഭു ആഗ്രഹിച്ചെങ്കിലും യുദ്ധമുതലുകള്‍ വീതിക്കുന്ന പ്രൈസ് കമ്മിറ്റി ഏജന്റുമാര്‍ ഇതു കഷണങ്ങളാക്കി കടത്തി. കടുവയുടെ മുകളില്‍ അഷ്ടകോണ്‍ പീഠമുറപ്പിച്ച നിലയിലുള്ള സിംഹാസനം സ്വര്‍ണ പാളികള്‍ പൊതിഞ്ഞ് അപൂര്‍വ രത്നങ്ങള്‍ പതിച്ചതായിരുന്നു.

ഇതില്‍ മുന്‍ഭാഗം അലങ്കരിച്ചിരുന്ന വലിയ കടുവത്തലയും പടവുകളുടെ വശത്തു പതിച്ചിരുന്ന 2 ചെറിയ കടുവത്തലകളുമാണ് അവശേഷിക്കുന്നത്. മൂന്നും സ്വര്‍ണത്തില്‍ നിര്‍മിച്ച്‌ രത്നം പതിച്ചവയാണ്.വലിയ കടുവത്തല ബ്രിട്ടിഷ് രാജാവ് ജോര്‍ജ് മൂന്നാമന്റെ ഭാര്യ ഷാര്‍ലറ്റ് രാജ്ഞിക്കു ലഭിച്ചത്, വിന്‍സര്‍ കൊട്ടാരത്തിലുണ്ട്. ചെറുതലകളിലൊന്ന് യുകെയിലെ പോവിസ് കൊട്ടാരത്തിലും രണ്ടാമത്തേത് സ്വകാര്യ വ്യക്തിയുടെ കൈയിലുമാണ്.

ടിപ്പു അവസാന യുദ്ധത്തില്‍ ഉപയോഗിച്ച വാളും, മോതിരവും അന്ന് ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ എത്തിച്ചിരുന്നു.ബ്രിട്ടീഷ് മ്യൂസിയത്തില്‍ മേജര്‍ ജനറല്‍ അഗസ്റ്റസ് ഡബ്ല്യു.എച്ച്‌. മെയ്‌റിക്കിന്റേയും നാന്‍സി ഡോവാജറിന്റേയും മ്യൂസിയത്തിലേയ്ക്കുള്ള സംഭാവനകളായി ഇത് 2004 വരെ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ 2004 ല്‍ ഇത് ലേലം ചെയ്തപ്പോള്‍ വിജയ് മല്യ ടിപ്പു സുല്‍ത്താന്റെ വാളും മറ്റു ചില വസ്തുക്കളും ലേലത്തില്‍ എടുത്ത് ഇന്ത്യയില്‍ എത്തിച്ചിരുന്നു.

2013 ഒക്ടോബറില്‍ ടിപ്പു സുല്‍ത്താന്റെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത മറ്റൊരു വാള്‍ സോത്ബീസ് കോര്‍പ്പറേഷന്‍ ലേലം ചെയ്തിരുന്നു.അതേ സമയം ടിപ്പുവിന്റെ സിംഹാസനത്തിന്റെ താഴികക്കുടം വില്‍പ്പനയ്ക്ക് വച്ചത് സംബന്ധിച്ച ട്വീറ്റിനെതിരെ നിരവധി ഇന്ത്യക്കാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്റെ ധാര്‍മ്മികതയാണ് പല ഇന്ത്യക്കാരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നത്‌.

Next Post

ഒമാൻ: അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ 252 തടവുകാര്‍ക്ക് മോചനം നല്‍കി

Thu Nov 18 , 2021
മസ്‌കറ്റ്: അമ്ബത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ 252 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്.

You May Like

Breaking News

error: Content is protected !!