കുവൈത്ത് സിറ്റി: ക്വാറം തികയാത്തതിനാലും സര്‍ക്കാര്‍ പ്രതിനിധികള്‍ ഹാജരാകാത്തതിനാലും ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ അസംബ്ലി സമ്മേളനം മാറ്റി. ഇനി പെരുന്നാളിന് ശേഷമാകും സഭ സമ്മേളിക്കുക എന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു. പാര്‍ലമെന്റ് നിയമ പ്രകാരം ദേശീയ അസംബ്ലി സമ്മേളനത്തില്‍ മന്ത്രിസഭ പ്രതിനിധികള്‍ പങ്കെടുക്കണം.
എന്നാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്ന് ആരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ സമ്മേളനം മാറ്റിവെച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാറിന്റെ രാജിപ്രഖ്യാപനം വന്നതിനുശേഷം ഇത് നാലാം തവണയാണ് ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെക്കുന്നത്.
ജനുവരി 25ലെ പതിവ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി ഏഴ്, എട്ട് തീയതികളിലേക്ക് സമ്മേളനം മാറ്റിവെച്ചു. അന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ സഭയില്‍ എത്താത്തതിനാല്‍ 21, 22 തീയതികളിലേക്കും മാറ്റുകയുണ്ടായി. ഇതിനിടെ 2022 ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഭരണഘടനകോടതി റദ്ദാക്കുകയും 2020ലെ പാര്‍ലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇതോടെ പാര്‍ലമെന്റില്‍ പഴയ എം.പിമാരും സ്പീക്കറും തിരികെ എത്തി. ഇതിനുശേഷം വിളിച്ച ആദ്യ സമ്മേളനമായിരുന്നു ചൊവ്വാഴ്ച. അതേസമയം, പുതിയ മന്ത്രിസഭ രൂപവത്കരണം പൂര്‍ത്തിയായിട്ടില്ല. പുതിയ സര്‍ക്കാര്‍ രൂപവത്കരണം വരെ ദേശീയ അസംബ്ലി സമ്മേളനം തടസ്സപ്പെടാനാണ് സാധ്യത.
രാജി സ്വീകരിച്ച അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് നിലവിലെ സര്‍ക്കാറിനോട് താല്‍ക്കാലിക ചുമതല തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് മന്ത്രിസഭ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.