മ്യൂനിച്: കോവിഡ് 19 ന്റെ അപകടസാധ്യതകള്‍ കുറഞ്ഞു, പക്ഷേ ലോകം മറ്റൊരു മഹാമാരി കാണുമെന്ന് ഏതാണ്ട് ഉറപ്പാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.
58-ാമത് മ്യൂനിച് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗം കൊറോണ വൈറസിനെതിരെ ഒരു നിശ്ചിത തലത്തിലുള്ള സംരക്ഷണം നേടിയിട്ടുണ്ടെന്നും അതിന്റെ തീവ്രത കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
‘നമുക്ക് മറ്റൊരു പകര്‍ചവ്യാധി ഉണ്ടാകും. അടുത്ത തവണ ഇത് മറ്റൊരു രോഗകാരിയായിരിക്കും. മെഡികല്‍ ടെക്‌നോളജിയില്‍ ഇപ്പോള്‍ നിക്ഷേപം നടത്തിയാല്‍, ഭാവിയില്‍ ഉണ്ടാകാവുന്ന മഹാമാരിയെ നേരിടാന്‍ ലോകം മികച്ച നിലയിലാകും. അടുത്ത മഹാമാരിക്ക് തയ്യാറെടുക്കുന്നതിനുള്ള ചിലവ് അത്ര വലുതല്ല. ഇത് കാലാവസ്ഥാ വ്യതിയാനം പോലെയല്ല. നമ്മള്‍ യുക്തിസഹമാണെങ്കില്‍, അടുത്ത തവണ നമുക്ക് അത് നേരത്തെ പിടിച്ചു കെട്ടാനാവും’ – ബില്‍ ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം പകുതിയോടെ ആഗോള ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ നല്‍കാനുള്ള ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തെ ഇതിനകം ‘വളരെ വൈകി’ എന്ന് ബില്‍ഗേറ്റ്സ് പറഞ്ഞു. അടുത്ത തവണ നമ്മള്‍ ഇത് രണ്ട് വര്‍ഷത്തിനുപകരം, ആറ് മാസമാക്കി മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മഹാമാരിയെക്കുറിച്ച് 2015 ല്‍ തന്നെ ബില്‍ ഗേറ്റ്സ് മുന്നറിയിപ്പ് നല്‍കി ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിന്റെ വീഡിയോ കോവിഡ് കാലത്ത് വൈറലായി മാറിയിരുന്നു. ‘ഞങ്ങളുടെ കുട്ടിക്കാലത്ത് ജനങ്ങള്‍ ഭയന്നിരുന്നത് ന്യൂക്ലിയര്‍ യുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ കാലം മുന്നോട്ട് പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളില്‍ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക് കാരണമാവുന്നുണ്ടെങ്കില്‍ അത്, യുദ്ധമായിരിക്കില്ല. അപകടകാരിയായ ഒരു വൈറസായിരിക്കും. മിസൈലുകളല്ല… രോഗാണു…’- ബില്‍ഗേറ്റ്സ് അന്ന് പറഞ്ഞു. അതേസമയം ഇതിന്റെ പേരില്‍ പല ആരോപണങ്ങളും ബില്‍ ഗേറ്റ്സിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയര്‍ന്നു. കോവിഡ് സൃഷ്ടിച്ചത് തന്നെ ബില്‍ ഗേറ്റ്സ് ആണെന്നായിരുന്നു വിമര്‍ശനം. ആ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും മറ്റൊരു മുന്നറിയിപ്പ് ബില്‍ഗേറ്റ്‌സ് നല്‍കിയിരിക്കുന്നത്.