രാത്രി മുഴുവന്‍ ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് ഉറക്കമില്ല: ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

കുട്ടികളും ഇന്റര്‍നെറ്റുമായുളള ബന്ധത്തെക്കുറിച്ചും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍(Social media) ഇടപെടുന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയര്‍ന്നു വരാറുണ്ട്.

മിക്ക കുട്ടികളും രാപകലില്ലാതെ സ്മാര്‍ട് ഫോണും(Smart phone) ഇന്റര്‍നെറ്റും(Internet) ഉപയോഗിക്കുന്നവരാണ്. ഉറങ്ങും വരെ ചാറ്റും വിഡിയോ കോളും വിഡിയോ കാണലും മിക്ക കുട്ടികളുടെയും പതിവ് ജിവീത രീതിയായി മാറിയിരിക്കുന്നു. സമയമോ, സാഹചര്യങ്ങളോ നോക്കാതെ അജ്ഞാതരുമായി ഓണ്‍ലൈന്‍ വഴി ചാറ്റിങ്, വിഡിയോ കോള്‍, മറ്റു ഇടപാടുകള്‍ നടത്തുന്നവരില്‍ വലിയൊരു വിഭാഗം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തന്നെയാണ്. ഡേറ്റിങും, സെക്സ്റ്റിങ്ങുമെല്ലാം കുട്ടികള്‍ക്കിടയില്‍ വന്‍ ഭീഷണിയായിട്ടുണ്ട്. കുട്ടികള്‍ സോഷ്യല്‍മീഡിയ വഴി തെറ്റാന്‍ നിരവധി വഴികളുണ്ടെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ വേണ്ടത്ര നല്ല ഉറക്കം ലഭിക്കുന്നില്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി മുഴുവന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് വേണ്ടത്ര ഉറങ്ങാന്‍ സമയം ലഭിക്കുന്നില്ലെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്ത പഠനം വെളിപ്പെടുത്തുന്നു.

10 മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സോഷ്യല്‍ മീഡിയകളില്‍ സ്വന്തമായി അക്കൗണ്ടുണ്ട്, പതിവായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇവരില്‍ 89 ശതമാനം പേര്‍ക്കും സ്വന്തമായി സ്മാര്‍ട് ഫോണ്‍ ഉണ്ടായിരുന്നു. 55.4 ശതമാനം പേര്‍ ടാബ്ലെറ്റ് ഉപയോഗിക്കുന്നതായും 23.2 ശതമാനം പേര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതായും ഒന്‍പത് ശതമാനം പേര്‍ സ്മാര്‍ട് വാച്ച്‌ ഉപയോഗിച്ചതായും പറഞ്ഞു. കൗമാരപ്രായത്തില്‍ എത്താത്ത കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ മിക്കവരും ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, സ്‌നാപ്ചാറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നു. എട്ട് കുട്ടികളില്‍ ഒരാള്‍ രാത്രി ഉറങ്ങേണ്ട സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി.

69 ശതമാനം കുട്ടികളും ദിവസവും നാല് മണിക്കൂറിലധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. 66.1 ശതമാനം പേര്‍ ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 12.5 ശതമാനം പേര്‍ അര്‍ദ്ധരാത്രിയില്‍ ഉറങ്ങേണ്ട സമയത്ത് ഫോണ്‍ ഉപയോഗിക്കുമെന്ന് പറഞ്ഞു. 89 ശതമാനം കുട്ടികളും ഉപയോഗിച്ചിരുന്നത് ടിക് ടോക്കായിരുന്നു. 83.9 ശതമാനം പേര്‍ സ്നാപ്ചാറ്റും 87.5 ശതമാനം പേര്‍ യൂട്യൂബും 57 ശതമാനം കുട്ടികള്‍ ഇന്‍സ്റ്റാഗ്രാമിലും 17 ശതമാനം പേര്‍ ഓണ്‍ലൈന്‍ ഫോറമായ റെഡ്ഡിറ്റും ഉപയോഗിക്കുന്നു. കുട്ടികളില്‍ രണ്ട് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഫെയ്‌സ്ബുക് ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കാരണം സ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു രാത്രി മുഴുവന്‍ ഉറക്കം നഷ്ടപ്പെടുന്നുണ്ട്.

മാതാപിതാക്കള്‍ക്കു പകരം മക്കളെ നോക്കാനിരുത്തുന്നയാളുടെ (babysitter) റോള്‍ ഇന്റര്‍നെറ്റിനു നല്‍കുന്ന രീതി ഇന്ന് വ്യാപകമാകുകയാണ്. സാങ്കേതികവിദ്യയെക്കുറിച്ച്‌ കാര്യമായ അവബോധമില്ലാത്ത മാതാപിതാക്കളാണ് ഇതു ചെയ്യുന്നത്. ഇത്തരം രീതികള്‍ ഇല്ലാതാക്കണമെന്നാണ് മിക്ക വിദഗ്ധരും പറയുന്നത്. കംപ്യൂട്ടറുകളും, ഫോണുകളും, ഐപാഡുകളും സ്വന്തം മുറികളില്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കാരണം ഇന്റര്‍നെറ്റ് അപകടകാരിയാണ്. ചെറിയ കുട്ടികളെ സ്വന്തമായി ഇന്റര്‍നെറ്റില്‍ മേയാന്‍ വിടരുത്. മിക്കവാറും അച്ഛനമ്മമാര്‍ക്ക് ടെക്നോളജിയെക്കുറിച്ച്‌ വേണ്ടത്ര അവബോധമില്ല എന്നത് വസ്തുതയാണ്. കുട്ടികളുടെ ‘ശല്യമൊഴിവാക്കാന്‍’ അവര്‍ക്ക് കംപ്യൂട്ടറോ, ഐപാഡോ, ഫോണോ ഓണ്‍ ചെയ്തു നല്‍കുന്ന രീതി കൂടുതല്‍ മാതാപിതാക്കള്‍ അനുവര്‍ത്തിച്ചുവരുന്നു. ഇതു തെറ്റാണ്. കുട്ടികള്‍ ഒരു ദിവസം എത്ര സമയം സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവിടണം എന്നതിനെപ്പറ്റി ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളുടെ അഭിപ്രായാമാരായാനാണ് മിക്ക രാജ്യങ്ങളും ഇപ്പോള്‍ ശ്രമിക്കുന്നത്.

Next Post

ഒമാന്‍: മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍

Mon Oct 10 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോള്‍ഡ് റാഫിള്‍ ഡ്രോയില്‍ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനന്‍ പിള്ളക്ക് ഒരു കിലോ സ്വര്‍ണ്ണമാണ് സമ്മാനമായി ലഭിച്ചത്. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി. അബ്ദുല്‍ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ […]

You May Like

Breaking News

error: Content is protected !!