ലണ്ടന്‍: ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ യുകെ മലയാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദ്ദനമാണ്. സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ സ്ഥിരതാമസക്കാരനാണ് ബിനുവിനാണ് വംശീയ വാദികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. തന്റെ അനുഭവം യൂട്യൂബിലൂടെ അദ്ദേഹം പുറംലോകത്തിനോട് പങ്കുവെക്കുകയായിരുന്നു. സമാനമായ ദുരനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ ഫെറി റോഡ് ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ ബസു കാത്തു നില്‍ക്കുകയായിരുന്ന ബിനുവിന് നേരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിന്ന ബിനുവിനോട് യുവാക്കള്‍ വംശീയ അധിക്ഷേപം നടത്തി പ്രകോപിപ്പിച്ചു.
ഒന്നിനും പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയപ്പോള്‍ അക്രമിക്കുകയായിരുന്നു. മുഖത്തും ശരീര ഭാഗങ്ങളിലും മര്‍ദ്ദനമേറ്റതോടെ ബോധം നഷ്ടമായി റോഡില്‍ വീണു. ഒരാള്‍ ബിനുവിന്റെ ബാഗുമായി സ്ഥലത്തു നിന്നോടി രക്ഷപ്പെട്ടു. പ്രദേശവാസികള്‍ പൊലീസിനേയും ആംബുലന്‍സിനേയും വിവരം അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ ബിനു ജോലി ചെയ്യുന്ന കമ്പനിയിലെ സഹപ്രവര്‍ത്തകരെ അറിയിച്ചു. ആശുപത്രി ചികിത്സയ്ക്ക് പിന്നാലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. 12 വര്‍ഷമായി ജോലി ചയ്യുന്ന തനിക്ക് ഇങ്ങനെ ഒരു അനുഭവം ആദ്യമെന്നാണ് ബിനു പറയുന്നത്. ഒറ്റപ്പെട്ട ഭാഗങ്ങളില്‍ രാത്രി കാലത്ത് യാത്ര ഒഴിവാക്കാനും അധ്ദേഹം നിര്‍ദ്ദേശിക്കുന്നു. പുതിയതായി വരുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അക്രമം ഉണ്ടായാല്‍ പൊലീസിനെ അറിയിക്കണമെന്നും ബിനു പറയുന്നു.