കുവൈത്ത് സിറ്റി: വിമാന ഷെഡ്യൂളുകള്‍ നിരന്തരം വെട്ടിക്കുറക്കുന്നതും റൂട്ട് മാറ്റുന്നതും യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂളുകളാണ് സാങ്കേതിക പ്രശ്നങ്ങളുടെ കാരണം പറഞ്ഞ് കൂടുതല്‍ റദ്ദാക്കുന്നത്. ഞായറാഴ്ച കുവൈത്ത്- കോഴിക്കോട് എക്സ്പ്രസ് മംഗലാപുരം വഴിയാണ് യാത്ര. ചൊവ്വാഴ്ച കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന എയര്‍ ഇന്ത്യന്‍ എക്സ്പ്രസ് റദ്ദാക്കി.
ചൊവ്വാഴ്ച രാവിലെ 9.30ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് കണ്ണൂരില്‍ എത്തുന്ന വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് അടുത്ത ടിക്കറ്റ് റദ്ദാക്കുകയോ അടുത്ത ഷെഡ്യൂളിലേക്ക് മാറുകയോ ചെയ്യാമെന്നും അറിയിച്ചു. ചൊവ്വ, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ രണ്ട് സര്‍വിസുകളാണ് എയര്‍ ഇന്ത്യക്ക് കണ്ണൂരിലേക്കുള്ളത്.
ചൊവ്വാഴ്ചയിലെ വിമാനം റദ്ദാക്കിയതോടെ പലര്‍ക്കും ഞായറാഴ്ചയിലേക്ക് യാത്ര മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. എയര്‍ ഇന്ത്യ ചൊവ്വാഴ്ചകളിലെ കണ്ണൂര്‍ ഷെഡ്യൂള്‍ റദ്ദാക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണെന്ന് ട്രാവല്‍സ് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ ഗോഫസ്റ്റ് വിമാനത്തിലേക്ക് മാറുന്നുണ്ട്. കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഗോഫസ്റ്റിന് ആഴ്ചയില്‍ മൂന്ന് സര്‍വിസുണ്ട്.
അതിനിടെ, ഞായറാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂള്‍ മംഗലാപുരം വഴിയാക്കി. കുവൈത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം ആദ്യം മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങി തുടര്‍ന്നാകും കോഴിക്കോട്ടേക്ക് പുറപ്പെടുക. ഇതോടെ കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് ഒന്നരമണിക്കൂറോളം അധിക സമയം എടുക്കും.
യാത്രക്കാര്‍ കുറഞ്ഞതാണ് ഷെഡ്യൂളുകള്‍ കുറക്കാനും വഴിതിരിച്ചുവിടാനും കാരണമെന്നാണ് സൂചന. എയര്‍ ഇന്ത്യ വിമാനങ്ങളുടെ നിരന്തര പ്രശ്നങ്ങള്‍ മറ്റു വിമാന കമ്ബനികളെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നതായി ട്രാവല്‍സ് രംഗത്തുള്ളവര്‍ പറയുന്നു.