
മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലെ മന വിലായത്തില്‍ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നാടിന് സമര്‍പ്പിച്ച ‘ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം ഒമാനിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ സന്ദര്‍ശിച്ചു.
റോയല്‍ കോര്‍ട്ട് അഫയേഴ്സ് സെക്രട്ടറി ജനറല്‍ നാസര്‍ ഹമൂദ് അല്‍ കിന്ദി, ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മ്യൂസിയത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അംബാസഡര്‍മാര്‍ ചരിത്ര, നവോത്ഥാന ഗാലറികളിലും പവിലിയനുകളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കൈയെഴുത്ത് പ്രതികളും മറ്റും നോക്കി കണ്ടു.
സന്ദര്‍ശകര്‍ക്കായി നല്‍കുന്ന വിവിധ സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുറമെ അവര്‍ മ്യൂസിയത്തിലെ ഏറ്റവും പുതിയ സംവേദനാത്മക സാങ്കേതികവിദ്യകളും വീക്ഷിച്ചു. അംബാസഡര്‍മാര്‍ നോളജ് സെന്റര്‍, ഹിസ്ന്‍ അല്‍ ഷൊമൂഖ് ലൈബ്രറിയിലും പര്യടനം നടത്തി. അല്‍ഹജര്‍ പര്‍വതനിരകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മ്യൂസിയം കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്.
സുല്‍ത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകര്‍ന്ന് നല്‍കുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരില്‍ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്ന് പോകുന്ന കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
