യു.കെ: അവധിക്കാലം നോക്കി പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ സമരം – ശമ്പളം, പെന്‍ഷന്‍ വര്‍ധനയാണ് ആവശ്യം

യുകെയില്‍ പാസ് പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ സമരം ആരംഭിച്ചു. അഞ്ചാഴ്ചത്തെ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 3 മുതല്‍ മേയ് 5 വരെ സമരം നീണ്ടു നില്‍ക്കും. 65 ശതമാനത്തിലധികം ജീവനക്കാര്‍ പങ്കെടുക്കുന്നു. പത്ത് ശതമാനം ശമ്പള വര്‍ദ്ധനവും, ജോലി സ്ഥിരതയും പെന്‍ഷനും ആവശ്യപ്പെട്ടാണ് സമരം.
പാസ് പോര്‍ട്ട് ജീവനക്കാര്‍ സമരത്തിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതത്തില്‍ ആകുന്നത് പുതിയ പാസ് പോര്‍ട്ടിനായോ, നിലവിലെ പാസ് പോര്‍ട്ട് പുതുക്കുന്നതിനോ അപേക്ഷ നല്‍കിയ പത്ത് ലക്ഷത്തില്‍ അധികം പേരായിരിക്കും. ഒഴിവുകാല യാത്രക്ക് പോകുന്നവര്‍ പാസ് പോര്‍ട്ട് കാലാവധി പ്രത്യേകം പരിശോധിക്കണം എന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്.

പുതിയ പാസ് പോര്‍ട്ടിനായും, പാസ് പോര്‍ട്ട് പുതുക്കുന്നതിനായും ഉള്ള നിരവധി അപേക്ഷകള്‍ ഇപ്പോള്‍ കെട്ടികിടക്കുകയാണ്. സമരം ആരംഭിച്ചതിനാല്‍ ഉടനെയൊന്നും അതിന്മേല്‍ ഇനി നടപടിയുണ്ടാകില്ല. ഇത് നൂറുകണക്കിന് കുടുംബങ്ങളുടെ ഒഴിവുകാല യാത്രകള്‍ക്കു തിരിച്ചടിയാകും.
എന്‍ എച്ച് എസിലെ ജീവനക്കാരെയും അധ്യാപകരേയും പരിഗണിച്ച രീതിയില്‍ സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ല എന്ന് ആരോപിച്ച പബ്ലിക് ആന്‍ഡ് കമ്മേഴ്സ്യല്‍ സര്‍വീസസ് യൂണിയന്‍, ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ സമരം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടിടങ്ങളിലായി ഈ യൂണിയനിലെ അംഗങ്ങളായ 1000 ല്‍ അധികം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

ഗ്ലാസ്ഗോ, ഡുറം, ലിവര്‍പൂള്‍, സൗത്ത്പോര്‍ട്ട്, പീറ്റേഴ്സ്ബറോ, ലണ്ടന്‍, ബെല്‍ഫാസ്റ്റ്, വെയില്‍സിലെ ന്യു പോര്‍ട്ട് എന്നിവിടങ്ങളില്‍ പിക്കറ്റിംഗും നടക്കും. പണിമുടക്കുന്നവരെ സഹായിക്കാന്‍ ഒരു സമര നിധി രൂപീകരിച്ചിട്ടുണ്ട് എന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോട്ക സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

സമരത്തിന് ശക്തി പകരാന്‍ വരുന്ന ഏപ്രില്‍ 28 ന് സിവില്‍ സര്‍വന്റുമാരുടെ രാജ്യവ്യാപകമായ ഒരു പണിമുടക്കും ആസൂത്രണം ചെയ്തിട്ടുണ്ട്. 1,30,000 ല്‍ അധികം ജീവനക്കാര്‍ ഈ സമരത്തില്‍ പങ്കെടുക്കും എന്നാണ് യൂണിയന്‍ അവകാശപ്പെടുന്നത്.

Next Post

ഒമാന്‍: റമദാനില്‍ താമസക്കാരുടെ കെട്ടിടങ്ങളില്‍ ജലവിതരണം വിച്ഛേദിക്കില്ല ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഒമാന്‍

Tue Apr 4 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: റമദാന്‍ മാസത്തില്‍ താമസക്കാരുടെ കെട്ടിടങ്ങളില്‍ നിന്നും ജലവിതരണം വിച്ഛേദിക്കുകയില്ലെന്ന് ഒമാന്‍. താമസകെട്ടിടങ്ങളിലെ ജലവിതരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങളിലാണ് ജലവിതരണം വിച്ഛേദിക്കില്ലെന്ന് വ്യക്തമാക്കിയത്. ഒമാന്‍ പബ്ലിക് റഗുലേഷന്‍ അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മാര്‍ച്ച്‌ 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് ഇതിനകം നടപ്പിലാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ജലവിതരണം വിച്ഛേദിക്കുന്നതിന് ചുരുങ്ങിയത് പത്തുദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. […]

You May Like

Breaking News

error: Content is protected !!