ഒമാന്‍: ആഘോഷങ്ങള്‍ തീരുന്നില്ല സമ്മര്‍ ഫെസ്റ്റുമായി മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: മസ്കത്ത് നൈറ്റ്, മസ്കത്ത് ഈറ്റ്സ് അടക്കമുള്ള പരിപാടികളുടെ വിജയകരമായ നടത്തിപ്പിനുശേഷം സമ്മര്‍ ഫെസ്റ്റുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ജൂണ്‍ 28 മുതല്‍ ഒരു മാസക്കാലമാണ് വേനല്‍ക്കാല ഉത്സവം നടക്കുക. വാണിജ്യ ഇനങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി സംഘടിപ്പിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ഫെസ്റ്റിവല്‍ സഹായകമാവും.

ആഭ്യന്തര വിനോദ സഞ്ചാരവും പ്രാദേശിക വ്യവസായവും പ്രോത്സാഹിപ്പിക്കുകയും അതിന് സാമൂഹികവും സാംസ്കാരികവുമായ ഇടം ഒരുക്കുകയും ഫെസ്റ്റിവലിന്‍റെ ലക്ഷ്യമാണ്.ഉത്സവം നടത്തുന്നതിന്‍റെ ഒന്നാം ഘട്ടമായി വിവിധ പരിപാടികളും വിനോദ ഇനങ്ങളും നടത്താന്‍ താല്‍പര്യമുള്ളവരില്‍നിന്ന് കരാറുകള്‍ ക്ഷണിച്ചുകഴിഞ്ഞു. വേദികളുടെ രൂപ കല്‍പനയും അലങ്കാരവും ടെന്‍ഡറില്‍ ഉള്‍പ്പെടും.

കുട്ടികള്‍ക്കും കുടുബങ്ങള്‍ക്കുമുള്ള പരിപാടികളിലായിരിക്കും സമ്മര്‍ ഫെസ്റ്റിവല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പരിപാടിയുടെ വേദികള്‍ അന്തിമ തീരുമാനമായില്ലെങ്കിലും അസൈബ ബീച്ച്‌, വടക്കന്‍ അല്‍ ഹൈല്‍, സീബിലെ സൂര്‍ അല്‍ ഹദീദ് എന്നീ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളത്.

പൊതുജനങ്ങളെ ബീച്ചുകള്‍ സന്ദര്‍ശിക്കാനും പ്രകൃതിയുമായി അടുത്തിണങ്ങാനും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ബീച്ചുകളില്‍ നടക്കുന്ന വിനോദ പരിപാടികളില്‍ അവരെ പങ്കാളികളാക്കുകയുമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൊതുജനങ്ങള്‍ ഉത്സവ വേദികളിലേക്ക് ഒഴുകിയെത്തുമെന്നും വേദികളിലെ ഗെയിമുകളും മറ്റ് വിനോദ ഇനങ്ങളും അവര്‍ ആസ്വദിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.

മസ്കത്ത് മുനിസിപ്പാലിറ്റി കോവിഡിനുശേഷം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരിന്നു. മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം മസ്കത്ത് മുനസിപ്പാലിറ്റി സംഘടിപ്പിച്ച മസ്കത്ത് നൈറ്റ്സ് ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. നേരത്തെ നടന്നിരുന്ന മസ്കത്ത് ഫെസ്റ്റിവലിന് പകരമാണ് മസ്കത്ത് നൈറ്റ് സംഘടിപ്പിച്ചത്. ജനുവരി 19 മുതല്‍ ഫെബ്രുവരി നാലുവരെ ഖുറം നാച്വറല്‍ പാര്‍ക്ക്, നാസീം ഗാര്‍ഡന്‍, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സി ബിഷന്‍ സെന്‍റര്‍, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മസ്കത്ത് നൈറ്റ്സ് അരങ്ങേറിയത്.

Next Post

കുവൈത്ത്: കുവൈത്ത് വാണിജ്യ - വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്ഥാനപതി

Sat Apr 29 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലെ പുതിയ വാണിജ്യ – വ്യവസായ മന്ത്രി മുഹമ്മദ് ഒത്‍മാന്‍ അല്‍ ഐബാന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സോവേകയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ പുരോഗതിയില്‍ അഭിനന്ദനം രേഖപ്പെടുത്തിയ മന്ത്രി, പ്രൊജക്‌ട് എക്സ്പോര്‍ട്ട്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് തുടങ്ങിയ രംഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സാധ്യതകളെക്കുറിച്ചും സ്ഥാനപതിയുമായി സംസാരിച്ചതായി ഇന്ത്യന്‍ എംബസി വാര്‍ത്താ […]

You May Like

Breaking News

error: Content is protected !!