
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം അച്ഛനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍. കഴിഞ്ഞ ദിവസം അല്‍ ഫിര്‍ദൗസിലായിരുന്നു സംഭവം.
അച്ഛനും മകനും തമ്മിലുണ്ടായ രൂക്ഷമായ വാദപ്രതിവാദമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ ക്രിമിനല്‍ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ഇയാള്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവളങ്ങള്‍ക്കും കര അതിര്‍ത്തി പോസ്റ്റുകള്‍ക്കും തുറമുഖങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
