ഒമാന്‍: ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഒമാന്‍ സന്ദര്‍ശനത്തില്‍

മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി.

ഒമാൻ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അല്‍ ബര്‍ക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് എഴുത്ത് സന്ദേശം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണത്തിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് സന്ദേശം. പ്രധാനമന്ത്രിയുടെ ആശംസകളും സുല്‍ത്താനെ അറിയിച്ചു. പ്രധാനമന്ത്രിക്ക് തിരിച്ചും ആശംസകള്‍ നേര്‍ന്ന സുല്‍ത്താൻ ഇന്ത്യ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും പറഞ്ഞു. സൗഹാര്‍ദപരമായ സംഭാഷണങ്ങള്‍ നടത്തുകയും ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും സാങ്കേതിക, സൈനിക, ഖനന മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. വാണിജ്യ, സാംസ്കാരിക, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിശകലനം ചെയ്തു. ജി 20 മീറ്റിങ്ങുകള്‍ വിജയകരമായി ആതിഥേയത്വം വഹിച്ച ഇന്ത്യയെ സയ്യിദ് ബദര്‍ അഭിനന്ദിച്ചു. നിലവിലെ പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങളില്‍ അഭിപ്രായങ്ങളും കൈമാറി.

ക്രിയാത്മകമായ സംഭാഷണത്തിന്റെയും അന്തര്‍ദേശീയ സഹകരണത്തിന്റെയും നയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഇരുരാജ്യങ്ങളുടെയും പങ്കിനെക്കുറിച്ച്‌ ഇരുവരും അടിവരയിട്ടുപറഞ്ഞു. ജി.സി.സി ആൻഡ് റീജനല്‍ നെയ്ബര്‍ഹുഡ് ഡിപ്പാര്‍ട്മെന്‍റ് തലവൻ ഷെയ്ഖ് അഹമ്മദ് ഹാഷില്‍ അല്‍ മസ്കാരി, ഒമാനിലെ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ്, ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അജിത് ഡോവലും പ്രതിനിധി സംഘവും റോയല്‍ ഓഫിസ് മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ നുഅമാനിയുമായും കൂടിക്കാഴ്ച നടത്തി. സൗഹൃദ സംഭാഷണങ്ങള്‍ കൈമാറുകയും പൊതുവായി ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

Next Post

കുവൈത്ത്: ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു

Fri Jun 30 , 2023
Share on Facebook Tweet it Pin it Email ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി സജിത്ത്ലാല്‍ അനുസ്മരണം സംഘടിപ്പിച്ചു. വര്‍ഗീസ് പുതുക്കുളങ്ങര അനുസ്മരണം ഉദ്ഘാടനം ചെയ്തു. രാജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ലിപിൻ മുഴക്കുന്ന്, നിസാം തിരുവനന്തപുരം , ജോയി കരുവാളൂര്‍,വിധു കുമാര്‍, സനില്‍ തയ്യില്‍ ,ജയേഷ് ചന്ദ്രോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സുജിത് കായലോട്, ഷരണ്‍ കോമത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

You May Like

Breaking News

error: Content is protected !!