ഒമാൻ റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്ന് ഒരു റിയാലിന് 214.50 രൂപയിലെത്തി. ശനി, ഞായര്‍ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയാണ് വിനിമയ സ്ഥാപനങ്ങള്‍ നല്‍കുക.
വ്യാഴാഴ്ച ഒരു റിയാലിന് 214 രൂപ എന്ന നിരക്കാണ് നല്‍കിയത്. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോര്‍ട്ടലായ എക്സ് ഇ എക്സ്ചേഞ്ച് 214.90 എന്ന നിരക്കാണ് വെള്ളിയാഴ്ച നല്‍കിയിരുന്നത്. നിരക്ക് ഉയര്‍ന്നതോടെ വിനിമയ സ്ഥാപനങ്ങളില്‍ പണം അയക്കാൻ കൂടുതല്‍ പേര്‍ എത്തിയത് തിരക്ക് വര്‍ധിക്കാൻ കാരണമായി.
വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. കുറച്ചു ദിവസമായി വിനിമയ നിരക്ക് താഴ്ന്നുനില്‍ക്കുകയായിരുന്നു. ജൂണ്‍ 16ന് വിനിമയ നിരക്ക് 212.20 വരെ താഴ്ന്നിരുന്നു. ഈ മാസാദ്യത്തോടെയാണ് ഉയരാൻ തുടങ്ങിയത്. ഈ വര്‍ഷം മേയ് 22ന് വിനിമയ നിരക്ക് 215 തൊട്ടിരുന്നു. പിന്നീട് താഴേക്ക് വന്ന് 212ലെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് വിനിമയ നിരക്ക് സര്‍വകാല റെക്കോഡിലെത്തിയത്.