
ലണ്ടന്‍: എക്സ് ഫാക്ടറിലെ തിളങ്ങുന്ന താരമായി ഉയര്‍ന്നുവരികയായിരുന്നു 20 വയസ്സ് മാത്രമുണ്ടായിരുന്ന ലൂസി സ്പ്രാഗന്‍. എന്നാല്‍ ഒരു ഇന്ത്യക്കാരന്റെ കൈയില്‍ നിന്നും നേരിട്ട അതിക്രമങ്ങള്‍ അവളുടെ കരിയറിന് അന്ത്യംകുറിച്ചു. ഹോട്ടല്‍ മുറിയില്‍ വെച്ച് പോര്‍ട്ടര്‍ ലൂസിയെ ബലാത്സംഗത്തിന് ഇരയാക്കിയതോടെയാണ് ടാലന്റ് ഷോ പൂര്‍ത്തിയാക്കാന്‍ കഴിയാതെ യുവതിക്ക് പൊതുമുഖത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നത്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരനായ ഇന്ത്യക്കാരന്‍ തനിക്ക് വിധിക്കപ്പെട്ട 10 വര്‍ഷത്തെ ജയില്‍ശിക്ഷയില്‍ നാല് വര്‍ഷം അകത്തുകിടന്ന ശേഷം ഇന്ത്യയിലേക്ക് രഹസ്യമായി നാടുകടത്തപ്പെട്ടുവെന്നാണ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടിവിയിലെ ഹിറ്റ് ടാലന്റ് ഷോയായ എക്സ് ഫാക്ടറിന്റെ 2012 സീരീസില്‍ മത്സരാര്‍ത്ഥിയായിരുന്നു ലൂസി സ്പ്രാഗന്‍. ഇതിനിടെയാണ് ലക്ഷ്വറി ഹോട്ടല്‍ മുറിയില്‍ വെച്ച് പോര്‍ട്ടറായിരുന്ന സോബി ജോണ്‍ ഇവരെ അക്രമിച്ചത്.
സ്റ്റാഫ് കീ കാര്‍ഡ് ഉപയോഗിച്ച് ഗായികയും, ഗാനരചയിതാവുമായ സ്പ്രാഗന്റെ ഹില്‍ടണ്‍ ലണ്ടന്‍ മെട്രോപോളിലെ മുറിയില്‍ അതിക്രമിച്ച് കടന്ന 24-കാരനായിരുന്ന ജോണ്‍ ഇവരെ ബലാത്സംഗത്തിന് ഇരയാക്കി. ഭയാനകമായ അതിക്രമത്തിന് ഇരയായതോടെ എക്സ് ഫാക്ടര്‍ മൂന്നാഴ്ച മാത്രം പിന്നിട്ട് നില്‍ക്കുമ്പോള്‍ പരിപാടിയില്‍ നിന്നും ലൂസിയെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചു. ഇന്ത്യയില്‍ നിന്നും സ്റ്റുഡന്റ് വിസയിലെത്തിയ ജോണിന് 2013 ഏപ്രിലില്‍ 10 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ 2017 ജനുവരി 30ന് ഇയാളെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്ന വിദേശ പൗരന്‍മാര്‍ നീതിന്യായവ്യവസ്ഥയെ നേരിടുകയും, സാധ്യമാകുന്ന അവസരത്തില്‍ നാടുകടത്തുകയും ചെയ്യുമെന്ന് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചു.